വിദേശത്തു നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട; പുതുക്കിയ നിർദ്ദേശങ്ങളുമായി കേന്ദ്രം
കോഴിക്കോട്: വിദേശത്ത് നിന്നെത്തുന്നവർക്കായുള്ള ക്വാറന്റൈനിൽ വീണ്ടും മാറ്റങ്ങൾ. ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്തിയാൽ മതിയെന്നാണ് പുതുക്കിയ നിർദ്ദേശം. ഫെബ്രുവരി പതിനാല് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനെടുത്തവര്‍ക്ക് ആര്.ടി.പി.സി.ആര് റിസള്‍ട്ടിന് പകരം വാക്സിന് സര്‍ട്ടിഫിക്കറ്റ് മതി. യാത്രക്ക് മുൻപായുള്ള ആര്.ടി.പി.സി.ആര് നെഗറ്റീവ് ഫലവും ആവശ്യമില്ല. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ നല്കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന് ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആര്.ടി.പി.സി.ആര് ടെസ്റ്റ് റിസള്‍ട്ടിന് പകരം വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുവാദമുള്ളത്.
82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വാക്സിന് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ആര്.ടി.പി.സി.ആര് ഫലം ഇനി നിര്‍ബന്ധമല്ലാത്തത്. എന്നാല്‍, കുവൈത്തും യു.എ.ഇയും ചൈനയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവര്‍ 72 മണിക്കൂറിനിടയിലുള്ള ആര്‍ടിപി.സി.ആര് നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും.
വിദേശത്തു നിന്നെത്തുന്ന എല്ലാവരും എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശയാത്രക്കാര്‍ ഏഴ് ദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. എട്ടാം ദിവസം ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തണമെന്നുമായിരുന്നു നിര്‍ദേശം. അത് പൂർണ്ണമായും മാറ്റികൊണ്ടുള്ള പുതിയ നിർദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്.