വി.എച്ച്.എസ്.സി ആണോ പഠിച്ചത്? മെഡിക്കല്‍ രംഗത്ത് ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങളുമായി വടകരയിൽ തൊഴിൽമേള


വടകര: വി.എച്ച്.എസ്.സി വിജയിച്ചവരോ തുടർപഠനം നടത്തിയവരോ ആയ ഉദ്യോഗാർഥികൾക്കായി തൊഴിൽ മേള വരുന്നു.  പൊതു വിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ്സി വിഭാഗം, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ്, വടകര നഗരസഭ, കരിയർ ഡവലപ്മെൻ്റ് സെൻ്റർ പേരാമ്പ്ര എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

മാർച്ച് ഒന്നിന് രാവിലെ ഒമ്പതര മുതൽ പകൽ രണ്ടര വരെ വടകര മുനിസിപ്പൽ ടൗൺഹാളില്‍ നടത്താനുദ്ദേശിക്കുന്ന തൊഴില്‍മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലേറെ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ, ഐടി, എഞ്ചിനിയറിങ്, അഗ്രിക്കൾച്ചർ, ഫിഷറീസ്, കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ട്രാവൽ ആന്റ് ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങളാണ് വിഎച്ച്എസ്ഇ കോഴ്സ് പഠിച്ചവർക്ക് ലഭ്യമാവുക. നഴ്സിംഗിൽ മാത്രം നൂറോളം ഒഴിവുകളുണ്ട്.

പതിനെട്ട് മുതല്‍ മുപ്പത്തിയഞ്ച് വയസ്സുവരെയുള്ള കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം. മേളയില്‍ പങ്കെടുക്കാന്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും സ്പോട്ട് രജിസ്ട്രേഷനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.