വാന നിരീക്ഷകര്‍ റെഡിയായിക്കോളൂ, ആകാശത്ത് വീണ്ടും ”സൂപ്പര്‍ ബ്ലൂ മൂണ്‍”; അടുത്ത സൂപ്പര്‍ ബ്ലൂ മൂണ്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം


കോഴിക്കോട്‌: ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ വീണ്ടും ‘സൂപ്പര്‍ ബ്ലൂ മൂണ്‍’ എത്തുന്നു. ഈസ്‌റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാന്‍ സാധിക്കുക. ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ സംഭവിക്കുന്നത്. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാണ് ബ്ലൂ മൂണ്‍ ദൃശ്യമാവുക.

നാല് പൂര്‍ണചന്ദ്രന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ‘ബ്ലൂ മൂണ്‍’ എന്ന് പറയുന്നത്. ഈ സമയത്ത് സാധാരണയേക്കാള്‍ വലുപ്പത്തിലും വെളിച്ചത്തിലും ചന്ദ്രനെ കാണാന്‍ സാധിക്കും. ബ്ലൂ മൂണ്‍ എന്നാണ് പേരെങ്കിലും ചന്ദ്രനെ കടുത്ത ഓറഞ്ച് നിറത്തിലാവും കാണാനാവുക.

ഇതിനു മുമ്പ് ഓഗസ്ത് ഒന്നിന് ബ്ലൂ മൂണ്‍ ദൃശ്യമായിരുന്നു. നാസ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം അടുത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാന്‍ 14 വര്‍ഷങ്ങള്‍ കാത്തിരിക്കണം. ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തെയും നാളെ ആകാശത്ത് കാണാന്‍ സാധിക്കുമെന്നാണ് വിവരം.