വാണിമേലിൽ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ സംഭവം: ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട നാല് പേർ പിടിയിൽ
വടകര: വാണിമേലിൽ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട നാല് പേർ അറസ്റ്റിൽ. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പത്ത് വീട്ടിൽ നിധീഷ് (33), കാര പേരാവൂരിലെ ചിരുകണ്ടോത്ത് വി നിധീഷ് (28), മാമ്പയിലെ രാഹുൽ നിവാസിൽ എ രാഹുൽ (28), ശങ്കരനെല്ലൂർ ശ്രീരാച്ചിയിൽ രാജ് കിരൺ (24) എന്നിവരെയാണ് ളയം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്രയിൽനിന്നാണ് പ്രതികൾ പിടിയിലായത്.
ജൂലെെ 10ന് പുലർച്ചെയാണ് വ്യാപാരി പരപ്പുപാറയിൽ കുഞ്ഞാലിഹാജിയുടെ വീടിന് നേരെ ബോംബെറുണ്ടായത്. കുഞ്ഞാലിഹാജിയുടെ മകനുമായുണ്ടായിരുന്ന കച്ചവടം സംബന്ധിച്ച തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിലേക്ക് നയിച്ചത്.
അഞ്ചരക്കണ്ടിയിലെ അലിഫ് ഹൗസിൽ ഫായീസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുഞ്ഞാലിഹാജിയുടെ മകന്റെ കച്ചവടത്തിലെ പങ്കാളിയാണ് ഇയാൾ. ഫായിസാണ് ബോംബെറിയാൻ ക്വട്ടേഷൻ നൽകിയത്.
കേസിൽ തൂണേരി വരിക്കോളി ഷിധിനെ (29) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് ഷിധിനായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിധിന്‍ പിടിയിലായത്. കേസിൽ ഇതുവരെ ആറ് പേർ കസ്റ്റഡിയിലായി.