വാട്‌സാപ്പിലെ പരിചയംവെച്ച് സഹപാഠിയുടെ തളീക്കരയിലെ വീട്ടിലെത്തി ആറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; യുവതി അറസ്റ്റില്‍
കുറ്റ്യാടി: സഹപാഠിയുടെ വീട്ടില്‍ അതിഥിയായെത്തി സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. നടുപ്പൊയില്‍ കളത്തില്‍ ബുഷ്‌റയെയാണ് (40) തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തളീക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി ഷമീനയുടെ വീട്ടിലെത്തി ആറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബുഷ്‌റ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
കുറ്റ്യാടി ഗവ. ഹൈസ്‌കൂളില്‍ പഠിച്ച പരിചയത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ബുഷ്‌റ ഷമീനയുടെ വീട്ടില്‍ വന്നത്. ക്ലാസിന്റെ വാട്‌സാപ് ഗ്രൂപ്പില്‍ ഇരുവരും ചാറ്റ് ചെയ്യാറുണ്ടത്രെ. വീട്ടുകാരി അതിഥിക്കായി അടുക്കളയില്‍ ചായയുണ്ടാക്കുന്ന സമയം ബുഷ്‌റ അലമാരിയില്‍ സൂക്ഷിച്ച അഞ്ചര പവന്റെ മാലയും അര പവന്‍ മോതിരവും മോഷ്ടിച്ചെന്നാണ് കേസ്.
ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് വീട്ടുകാരറിയുന്നത്. തുടര്‍ന്ന് തൊട്ടില്‍പാലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തൊട്ടില്‍പ്പാലം എസ്.ഐ സജിയും സംഘവും യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും നിഷേധിച്ചു. എന്നാല്‍ തിരിച്ചു പോകുമ്പോള്‍ തളീക്കര ഭാഗത്ത് എത്തിയപ്പോള്‍ യുവതി എന്തോ പുറത്തേക്ക് എറിഞ്ഞതായി ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആഭണം സൂക്ഷിച്ച കവറും പെട്ടിയുമായിരുന്നു അതെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതി കുറ്റം സമ്മതിക്കുകയും കുറ്റ്യാടിയിലെ ഒരു ബാങ്കില്‍ ആഭരണങ്ങള്‍ പണയം വെച്ചതായി അറിയിക്കുകയും ചെയ്തു.
നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോവിഡ് സാഹചര്യത്തില്‍ ജാമ്യത്തില്‍ വിട്ടു. അന്വേഷണോദ്യോഗസ്ഥനായ തൊട്ടില്‍പ്പാലം എസ്.ഐക്ക് മുമ്പാകെ ഹാജരാവണം എന്നാണ് വ്യവസ്ഥ.