“തിയേറ്ററിന് വേണ്ടി നിർമ്മിച്ചിരുന്നെങ്കിൽ ‘കാണെക്കാണെ’ ഇത്ര സ്വാതന്ത്ര്യത്തോടെ ചെയ്യാൻ പറ്റില്ലായിരുന്നു, പുതിയ ചിത്രത്തിന്റെ രചനയും ബോബി-സഞ്ജയ് തന്നെ”; ചേമഞ്ചേരിക്കാരനായ സംവിധായകൻ മനു അശോകൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറന്നപ്പോൾ


പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടിയ വന്‍ വിജയമായ ആദ്യ ചിത്രം ഉയരെ, അതിനുശേഷം കാണെക്കാണെ എന്ന ഫാമിലി ഡ്രാമ. ആദ്യ ചിത്രത്തിന്റെ വിജയം കാണക്കാണെയ്ക്ക് ഗുണകരമായിട്ടുണ്ടോ? സംവിധായകനെന്ന നിലയില്‍ അത് താങ്കളില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ടോ?

ആദ്യത്തെ പടി വളരെ ആത്മവിശ്വാസത്തോടെയും വിജയകരമായും വയ്ക്കാന്‍ പറ്റുമ്പോള്‍ ഒരു ധൈര്യമുണ്ടല്ലോ അത് ‘ഉയരെ’ തന്നിട്ടുണ്ട്. ‘കാണെക്കാണെ’യിലേക്ക് എത്തുമ്പോള്‍ അത് ധൈര്യവുമാണ് അതേപോലെ തന്നെ ഉത്തരവാദിത്തവുമാണ്.

ഉയരെ പോലൊരു സിനിമ ചെയ്ത് രണ്ടാമതൊരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കഥ മുതല്‍ അത് സ്‌ക്രീനില്‍ എത്തുന്നതുവരെയുള്ള യാത്ര വളരെ ചലഞ്ചിങ്ങാണ്. കാരണം, യൊരു അവസ്ഥയില്‍ ചെയ്ത സിനിമ, ഇന്റന്‍സ് റിലേഷന്‍ഷിപ്പാണ് അത് കൈകാര്യം ചെയ്യുന്ന വിഷയം അതുകൊണ്ടുതന്നെ വെല്ലുവിളിയും അതുപോലെ തന്നെ ഉത്തരവാദിത്തവുമായിരുന്നു കാണെക്കാണെ.

അങ്ങനെയൊരു സമ്മര്‍ദ്ദം എടുക്കാന്‍ പറ്റില്ലല്ലോ. പക്ഷേ, എല്ലാ സിനിമകളും നന്നായി വരണമെന്ന് ഏതൊരു സംവിധായകനെയും പോലെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അതിനുവേണ്ടി വര്‍ക്ക് ചെയ്തിട്ടുമുണ്ട്.

കോവിഡ് കാലത്ത് ചിത്രീകരിച്ച്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് കാണെക്കാണെ. ഒ.ടി.ടി റിലീസ് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ടോ? സംവിധായകനെന്ന നിലയില്‍ എന്ത് തോന്നുന്നു?

ഒ.ടി.ടി റിലീസ് എന്ന് ആലോചിച്ചു ചെയ്ത സിനിമ തന്നെയാണ് കാണെക്കാണെ. ലോക്ക്ഡൗണും, പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യവും, അങ്ങനെ എല്ലാ രീതിയിലും സ്വാതന്ത്ര്യമില്ലാതിരുന്ന സമയത്താണ് കാണെക്കാണെ ആലോചിക്കുന്നത്. ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ അത്ര സജീവമായിരുന്നില്ല. എന്നു പറഞ്ഞാല്‍, അതിനുവേണ്ടി നമുക്കൊരു സിനിമ ചെയ്യാമെന്ന് ആലോചിക്കുന്ന രീതിയിലേക്ക് എത്തിയിരുന്നില്ല. അങ്ങനെയൊരു പ്ലാറ്റ്‌ഫോം മാക്‌സിമം എക്‌പ്ലോര്‍ ചെയ്യണമെന്ന് കരുതി തന്നെയാണ് കാണെക്കാണെ ചെയ്തത്.

തീര്‍ച്ചയായും അത് ഗുണം ചെയ്തിട്ടുണ്ട്. എന്താണോ നമ്മള്‍ പറയാന്‍ ആഗ്രഹിച്ചത് അത് പൂര്‍ണമായി ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ഒരുപക്ഷേ തിയേറ്ററിലേക്കായിരുന്നെങ്കില്‍ ഇത്ര സ്വാതന്ത്ര്യത്തോടെ കാണെക്കാണെ ചെയ്യാന്‍ പറ്റില്ലായിരുന്നു. കാരണം തിയേറ്ററിലേക്ക് വരുന്ന പ്രേക്ഷകനും ഓ.ടി.ടി കാണുന്ന പ്രേക്ഷകനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ആ ഒരു പ്രേക്ഷകനെ മനസിലാക്കല്‍ കൂടി ഒരു സ്റ്റഡി മെറ്റീരിയലാണ്.

മനു ചെയ്ത രണ്ട് ചിത്രങ്ങളും ബോബി സഞ്ജയ് ദ്വയത്തിന്റെ തിരക്കഥയിലൊരുങ്ങിയതാണ്. ഇനി വരുന്ന സിനിമകളും അങ്ങനെ തന്നെയായിരിക്കുമോ? പുതിയ പ്രോജക്ടിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയോ?

അടുത്ത സിനിമയും ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ തന്നെയാണ്. ഞങ്ങള്‍ മൂന്നാമതും ഒന്നിക്കുകയാണ്. ഇനി എല്ലാ സിനിമയും അങ്ങനെ തന്നെയായിരിക്കുമോയെന്ന് അറിയില്ല. സംവിധായകന്‍ തിരക്കഥാ കൃത്ത് എന്നതിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കഥ പറയുന്നു. ഏതെങ്കിലുമൊരു കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെടാറുണ്ട്. അത് പ്രോജക്ടാവുന്നു. അല്ലാതെ അടുത്ത പ്രൊജക്ട് എന്താണ്, അതിനടുത്തതെന്താണ് അങ്ങനെയുള്ള ഒരു ചര്‍ച്ചയല്ല ഞങ്ങളുടേത്.

അതുകൊണ്ട് ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഞങ്ങള്‍ ഒരുമിച്ച് ഇനിയും ഇനിയും ഒരുപാട് ചിത്രങ്ങള്‍ വരാനിടയുണ്ട്. അങ്ങനെ ചെയ്യാന്‍ പറ്റുന്ന ഒരുപാട് മെറ്റീരിയല്‍ വരുമെന്നുള്ള വിശ്വാസമുണ്ട്. പിന്നെ സിനിമയ്ക്ക് അപ്പുറത്തുള്ള സൗഹൃദവും.

പുതിയ പ്രോജക്ടിന്റെ ആലോചനയിലാണ്. കഥയിലേക്ക് ഏതാണ്ട് എത്തിക്കഴിഞ്ഞു. കൂടുതല്‍ പറയാറായിട്ടില്ല.

കാണക്കാണെയെന്ന ചിത്രത്തെ സംവിധായകന്‍ മനസില്‍ കണ്ട തലത്തിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ടോ? എന്തെങ്കിലും തരത്തിലുള്ള കോമ്പ്രമൈസുകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടോ?

കാണെക്കാണെയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ കോവിഡ് കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കാരണം സെറ്റില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ഞങ്ങളെ സംബന്ധിച്ച് പതിനാല് ദിവസത്തെ ബ്രെയ്ക്കാണ്. ഞങ്ങള്‍ ഷൂട്ട് തുടങ്ങിയ സമയത്തുതന്നെ സെറ്റില്‍ ഒരാള്‍ക്ക് കോവിഡ് വരികയും ഞങ്ങള്‍ക്ക് രണ്ടാഴ്ച കാത്തിരുന്ന് വീണ്ടും ആര്‍.ടി.പി.സി.ആര്‍ ചെയ്ത് ഷൂട്ട് പുനരാരംഭിക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്.

പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. ആ സമയത്ത് പ്രൊഡ്യൂസറെ സംബന്ധിച്ച് ക്രൂ മെമ്പേഴ്‌സിനു മൊത്തം ആര്‍.ടി.പി.സി.ആര്‍, അല്ലെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം കൊടുക്കുകയെന്നു പറയുന്നത് എക്‌സ്ട്രാ ചെലവുകളാണ്. സംവിധായകനെയും പ്രൊഡ്യൂസറെയും സംബന്ധിച്ച് അത് ബാധ്യതയാണ്. ബജറ്റിനെക്കുറിച്ച് നമുക്കൊരു കണക്കുകൂട്ടലുണ്ടാവുമല്ലോ. അത് ഒരു പ്രാവശ്യം കോവിഡ് തെറ്റിച്ചു.

സിനിമയുടെ കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടില്ല. അങ്ങനെ ചെയ്യാതിരിക്കാനാണ് ബ്രെയ്ക്ക് എങ്കില്‍ ബ്രെയ്ക്ക് ചെയ്തിട്ട് നമ്മളുദ്ദേശിച്ച രീതിയില്‍ അതിന്റെ ഔട്ട്പുട്ട് ഉണ്ടാവണമെന്ന് കണ്ട് പ്രവര്‍ത്തിച്ചത്. ആ വാശിയുടെ പുറത്തുതന്നെയാണ് അതിന്റെ പ്രൊസീജിയറില്‍ കൂടി തന്നെ പോയത്. കോംപ്രമൈസ് ചെയ്താല്‍ സിനിമയെന്നല്ല ഒരു ആര്‍ട്ട് ഫോമും നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ആവില്ലല്ലോ.

നാടകപശ്ചാത്തലത്തില്‍ നിന്നാണ് മനു സിനിമയിലേക്ക് വരുന്നത്. നാടകരംഗത്തേക്കുള്ള വരവിനെക്കുറിച്ചും ആ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും പറയാമോ?

തിയേറ്ററാണ് എന്റെയൊരു ബെയ്‌സ്. ഞാന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍ നാടകങ്ങള്‍ പോലുള്ള പരിപാടികളിലൂടെയാണ് ആര്‍ട്ടിലേക്ക് കുറച്ചുകൂടി അടുക്കുന്നത്. എന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള തെരുവ് നാടകങ്ങളിലും അങ്ങനെയുള്ള ക്യാമ്പുകളിലും ഒക്കെ ഒരുപാട് പങ്കെടുത്തതിന്റെ അനുഭവം. അത് നമുക്ക് സിനിമയില്‍ ഉപകരിക്കുന്നത് പെര്‍ഫോമെന്‍സിന്റെ ലെവലിലേക്കും ഇത്രയും ആളുകളെ കോഡിനേറ്റ് ചെയ്യാനുള്ള കഴിവിലുമൊക്കെയാണ്. അത് ഒരു ഡയറക്ടര്‍ക്ക് ആവശ്യമുള്ളതാണെന്ന് എനിക്കു തോന്നുന്നു. ഒരു സെറ്റില്‍ ഇരുനൂറ് സ്വഭാവമുളള ഇരുനൂറ് പേരായിരിക്കും. അവരെയൊക്കെ ഒരു ഷോട്ടിനുവേണ്ടി തയ്യാറാക്കാന്‍ മാസിനെ കൈകാര്യം ചെയ്യാന്‍ പറ്റിയ കണ്‍ട്രോള്‍ നമ്മുടെ ഉള്ളിലുണ്ടാവണം. അതിന് തിയേറ്റര്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വന്നശേഷം കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും നാടകത്തില്‍ ഒരു എം.എ കൂടി ചെയ്തിരുന്നു. പെര്‍ഫോമെന്‍സിന്റെ, ഇമോഷന്‍സിനെയൊക്കെ കൈകാര്യം ചെയ്യാനുള്ള ചില ബേസിക് അറിവുകള്‍ അതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ചില സീനുകള്‍ ഡീല്‍ ചെയ്യുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ മനസില്‍ വരാറുണ്ട്.

സ്‌റ്റേജ് ഫിയര്‍, നാണം എന്ന സാധനമൊന്നുമുണ്ടാവില്ല. ഫേസ് ചെയ്യാനുള്ള ഗഡ്‌സുണ്ടാവും. അത് നാടകം കൊണ്ട് കിട്ടിയ ഗുണമാണ്.

കൊയിലാണ്ടിയുടെ വാർത്താ താരമായി മനു അശോകിനെ
തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ. 


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….