ലഹരി മരുന്ന് വാങ്ങാന്‍ പണം വേണം, വണ്ടി മോഷ്ടിച്ചു; കോഴിക്കോട് യുവാക്കള്‍ പൊലീസ് പിടിയില്‍
കോഴിക്കോട്: ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടി മോഷണം നടത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് സ്റ്റേഷന് പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറബില് തൊടിയില്‍ അക്ഷയ് (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ പന്തീരാങ്കാവ് സ്റ്റേഷന് കോമ്പൗണ്ടിന് പുറത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ പ്രതികള്‍ രാത്രി സമയത്ത് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസ് നൂറോളം സി.സി.ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. എസ്ഐ ധനഞ്ജയദാസ് ടി.വി. യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികള്‍ ഇരുവരും. എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കാനുള്ള പണം കണ്ടെത്താനായാണ് ഇവര്‍ കളവ് നടത്തിയതെന്നും ഇത്തരത്തില്‍ കളവ് നടത്തുന്ന വാഹനത്തിന്റെ നമ്പര്‍ മാറ്റി ആര്‍സിയും പേപ്പറുകളും കളഞ്ഞ് പോയതാണെന്ന് പറഞ്ഞ് കുറഞ്ഞ പൈസക്ക് വില്‍ക്കുകയാണ് ചെയ്യാറെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കസബ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചു. മോഷണം നടത്തിയ വാഹനം പൊലീസ് കണ്ടെടുത്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ ഷിജു, എഎസ്ഐ മഹീഷ്. കെ.പി, എസ്സിപിഒ മാരായ രൂപേഷ് പറമ്പക്കുന്നന്‍, പ്രഭീഷ് ടി, സബീഷ്, സിപിഒ മാരായ ജിനേഷ് ചൂലൂര്‍, ജിത്തു കെ.വി, കെ.എച്ച്.ജി. അനീഷ് ഇ.പി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.