റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം നേടിയ മൂന്ന് വില്ലേജ് ഓഫീസര്‍മാരില്‍ രണ്ടുപേര്‍ കൊയിലാണ്ടി സ്വദേശികള്‍


കൊയിലാണ്ടി: റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി ലാന്റ് റവന്യൂ, സര്‍വേ ദുരന്ത നിവാരണ വകുപ്പുകളില്‍ മികച്ച സേവകരായ ജീവനക്കാര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഉദ്യോഗസ്ഥര്‍ക്കുളള്ള പുരസ്‌കാരം നേടിയ മൂന്ന് വില്ലേജ് ഓഫീസര്‍മാരില്‍ രണ്ടുപേര്‍ കൊയിലാണ്ടി സ്വദേശികളും ഈ മേഖലയിലെ വില്ലേജ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവരുമാണ്.

പന്തലായനി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ജയന്‍ വരിക്കോളി, ചേമഞ്ചേരി വില്ലേജിലെ സുരേശന്‍ മാവിലാരി എന്നിവരാണ് പുരസ്‌കാരം നേടിയത്.

പൊതുജനങ്ങള്‍ക്കുള്ള സേവനം, ഗവണ്‍മെന്റ് കാര്യങ്ങള്‍ എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോയിന്റ് നല്‍കി കൂടുതല്‍ പോയിന്റ് ലഭിക്കുന്നവര്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. കെട്ടിടനികുതി പിരിവ്, കുടിശിക പിരിവ്, ഫയലുകള്‍ തീര്‍പ്പാക്കല്‍, ഫയല്‍ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത, പോക്കുവരവ് ചെയ്യല്‍, സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന കാര്യത്തിലെ മികവ്, ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന ഓഫീസ് സംവിധാനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ വിധേയമാക്കുകയെന്ന് പുരസ്‌കാരം നേടിയ ജയന്‍ വരിക്കോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വിയ്യൂര്‍ സ്വദേശിയാണ് ജയന്‍ വരിക്കോളി. രണ്ടുവര്‍ഷമായി പന്തലായനി വില്ലേജ് ഓഫീസറായി ജോലി ചെയ്യുകയാണ്. നേരത്തെ ചേമഞ്ചേരി വില്ലേജ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുരസ്‌കാരം നേടിയ ചേമഞ്ചേരി വില്ലേജ് ഓഫീസര്‍ ചേലിയ സ്വദേശിയാണ്. രണ്ടരവര്‍ഷമായി ചേമഞ്ചേരിയില്‍ ജോലി ചെയ്തുവരികയാണ്. നേരത്തെ ചേളന്നൂരിലും വയാനാട്ടിലും വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.