രോഗികൾക്കും ഒപ്പമുള്ളവർക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സഞ്ചാരം ഇനി സുഗമമാകും; മൂന്ന് ബ്ലോക്കുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആകാശപാത നാടിന് സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശപാത പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി. ആശുപത്രിയിലെ മറ്റു ബ്ലോക്കുകളിലേക്ക് മഴയും വെയിലുമേറ്റ് പോയിരുന്ന ആളുകള്‍ക്ക് പുതിയ പാത ഏറെ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ഭൗതിക സൗകര്യം ഇനിയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ആകാശപാതയുടെ നിര്‍മാണത്തിനായി സഹകരിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനത്തെയും മന്ത്രി അഭിനന്ദിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ആകാശപാത നിര്‍മിച്ചത്. 172 മീറ്റര്‍ നീളവും 13 മീറ്റര്‍ വീതിയുമുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ രോഗികള്‍ക്ക് ബാറ്ററി കാര്‍ സേവനമേര്‍പ്പെടുത്തും. ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും ധനസഹായത്തോടെയാണ് ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആകെ 2.25 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പുതിയ ഒ.പിയുടെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാകും. നിപയും കോവിഡും ഫലപ്രദമായി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുതിയ ഒ.പി. കൂടുതല്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു. 43.45 ലക്ഷം രൂപയാണ് നവീകരണച്ചെലവ്.
കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന ഡോ. എ.ആര്. മേനോന്റെ പ്രതിമ അനാഛാദനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. 5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മിച്ചത്.
കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയത്. ഡോ. ജയറാം പണിക്കര്‍ ഹാളില്‍നടന്ന ചടങ്ങില്‍ എം.കെ. രാഘവന് എം.പി., കോര്പ്പറേഷന് മേയര്‍ ബീനാ ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായി. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ ടി.പി. രാമകൃഷ്ണന് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കോര്പറേഷന് കൗണ്‍സിലര്‍ കെ. മോഹനന്, അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി, ഭാരത് പെട്രോളിയം കോര്പറേഷന് ജനറല്‍ മനേജര്‍ ജോര്‍ജ്ജ് തോമസ്, കോഴിക്കോട് എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി സന്തോഷ് ജി. തമ്പി, മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഡോ. ടി.പി. രാജഗോപാല്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ എ. നവീന്‍, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, ഐഡിസി സൂപ്രണ്ട് ഡോ. കെ.പി. സൂരജ്, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ. പി. വിജയന് എന്നിവര്‍ ആശംസകളറിയിച്ചു. ആശുപത്രി വികസന സമിതി അംഗങ്ങള്‍ സന്നിഹിതരായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ശ്രീജയന്‍ നന്ദി പറഞ്ഞു.