‘മൂന്നരമുതൽ എട്ടുകിലോമീറ്റർവരെ അധികം യാത്ര ചെയ്യണം’; മൂരാട് പാലത്തിലെ ​ഗതാ​ഗത നിരോധനത്തോടെ വാഹനങ്ങൾ സഞ്ചരിക്കേണ്ടിവരിക ഇപ്രകാരം


പയ്യോളി: ദോശീയപാത വികസനത്തിന്റെ ഭാ​ഗമായി മൂരാട് പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം വരുന്നതോടെ വടകരയിൽ നിന്ന് പയ്യോളിയിലെത്താൻ യാത്രക്കാർ കീലോമീറ്ററുകൾ അധികം സഞ്ചരിക്കണം. മൂരാടിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ഒരുഭാഗത്തേക്ക് 3.60 കിലോമീറ്ററും മറുഭാഗത്തേക്ക് എട്ടു കിലോമീറ്ററുമാണ് അധികം സഞ്ചരിക്കേണ്ടിവരുക. ജില്ലാ കലക്ടറുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് മൂരാട് പാലത്തിൽ ​എന്നുമുതലാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക എന്നതിൽ വ്യക്തത വരിക.

വടകര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വടകര നാരായണനഗരം ജങ്ഷനിൽനിന്നും പണിക്കോട്ടി റോഡ്- മണിയൂർ-തുറശ്ശേരിക്കടവ് പാലം-കീഴൂർ വഴി പയ്യോളിയിലേക്ക് തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കാട്ട് നിന്നുവരുന്ന വാഹനങ്ങൾ പയ്യോളിയിൽനിന്നും അട്ടക്കുണ്ട് കടവ് പാലംവഴി മണിയൂരിലെത്തി കുറുന്തോടി- ബാങ്ക് റോഡ് വഴി വടകരയിലേക്ക് കയറണം. ഈ രണ്ട് ബദൽമാർഗങ്ങളുടെയും വിശദവിവരങ്ങൾ മോട്ടോർവാഹനവകുപ്പും പോലീസുമെല്ലാം ശേഖരിച്ചിട്ടുണ്ട്.

ദേശീയപാതവഴി വടകരയിൽനിന്ന് പയ്യോളിയിലേക്കുള്ള ദൂരം 10.80 കിലോമീറ്ററാണ്. വടകര-പണിക്കോട്ടി റോഡ്-മണിയൂർ-കീഴൂർവഴി ഗതാഗതം തിരിച്ചുവിടുമ്പോൾ 13.60 കി.മി. സഞ്ചരിക്കണം. പയ്യോളി-അട്ടക്കുണ്ട് കടവ്- കുറുന്തോടി-ബാങ്ക് റോഡ് വഴി 18 കിലോമീറ്ററും വേണം. ബദൽറോഡുകളുടെ നിലവാരം സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പണിക്കോട്ടി റോഡ്-മണിയൂർ റോഡ് ഈയ്യിടെ റീടാറിങ് നടത്തിയതിനാൽ കാര്യമായ പ്രശ്നമില്ല. എങ്കിലും ചില സ്ഥലങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ഉല്ലാസ് നഗർ ബസ് സ്റ്റോപ്പിനുസമീപം, ചെല്ലട്ടുപൊയിൽ, ഫിനിക്സ് ബസ് സ്റ്റോപ്പ് ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണിത്. അട്ടക്കുണ്ട് കടവ്-കുറുന്തോടി റോഡിൽ കുറുന്തോടി ടൗൺ, മുതുവന, എലിപ്പറമ്പത്ത് മുക്ക് എന്നിവിടങ്ങളിലും തകർച്ചയുണ്ട്.

യാത്ര സുഗമമാക്കാൻ രണ്ട് റോഡിലുംകൂടി 24 സ്ഥലത്ത് ദിശാസൂചിക സ്ഥാപിക്കാനും നിർദേശമുണ്ട്. പയ്യോളി-അട്ടക്കുണ്ട്- കുറുന്തോടി-ബാങ്ക് റോഡ്-വടകര റൂട്ടിൽ 15 ഇടത്ത് ദിശാസൂചിക വേണം. വടകര- പണിക്കോട്ടി റോഡ്-മണിയൂർ-കീഴൂർ- പയ്യോളി റൂട്ടിൽ ഒമ്പതിടത്താണ് സൂചിക വേണ്ടത്.

Summary: Traffic ban on Murad bridge