മൂടാടിയിലും ആനക്കുളത്തും ചെങ്ങോട്ടുകാവും പൂക്കാടും അണ്ടര്‍പാസിന്റെ കാര്യത്തില്‍ തീരുമാനമായില്ല; ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സമരസമിതികള്‍
കൊയിലാണ്ടി: ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുമ്പോള്‍ പൂക്കാട്-പൊയില്‍ക്കാവ് ടൗണുകളിലും ആനക്കുളം-മുചുകുന്ന് റോഡിലും മൂടാടി-ഹില്‍ബസാര്‍ റോഡിലും അണ്ടര്‍പാസുകളോ, ട്രാഫിക് ഐലന്‍ഡുകളോ അനുവദിക്കണമെന്ന ജനകീയാവശ്യത്തില്‍ ഇതുവരെ അന്തിമതീരുമാനമായില്ല. ഈയൊരു ആവശ്യമുയര്‍ത്തി ഇവിടങ്ങളിലെ പ്രദേശവാസികള്‍ ജനകീയ സമിതികള്‍ക്ക് രൂപം കൊടുക്കുകയും പ്രത്യക്ഷ സമരങ്ങളുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു തീരുമാനമുണ്ടായിട്ടില്ലെന്നാണ് ജനകീയ സമിതി നേതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
ഹില്‍ബസാര്‍ റോഡില്‍ അണ്ടര്‍പാസ് അനുവദിച്ചില്ലെങ്കില്‍ ദേശീയപാത അതോറിറ്റി ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അണ്ടര്‍പാസില്ലെങ്കില്‍ മുചുകുന്ന് ഹില്‍ബസാര്‍ ഭാഗത്തുള്ളവര്‍ക്ക് മൂടാടി പഞ്ചായത്തുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവന്‍, മുചുകുന്ന് ഗവണ്‍മെന്റ് കോളേജ്, വരാന്‍പോകുന്ന കേളപ്പജി സ്മാരകമന്ദിരം എന്നിവയിലേക്ക് ഈ റോഡ് മുറിച്ചുകടന്നാണ് ആളുകള്‍ പോകേണ്ടത്. അണ്ടര്‍പാസ് ഇല്ലെങ്കില്‍ ഈ ഭാഗത്തേക്കുള്ള യാത്ര തടസപ്പെടും. രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് നന്തിവഴിയോ അല്ലെങ്കില്‍ കൊല്ലം നെല്യാടി റോഡ് വഴിയോ വരേണ്ടിവരും. ഇവിടെ രണ്ടിടത്തുമാണ് നിലവില്‍ അണ്ടര്‍പാസ് പരിഗണനയിലുള്ളത്. ഗ്രാമപഞ്ചായത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ച് ഈ ആവശ്യമുന്നയിച്ചുകൊണ്ട് വലിയ പ്രക്ഷോഭം നയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശം സന്ദര്‍ശിച്ച കലക്ടറും ജനങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ എഞ്ചിനിയറിങ് വിഭാഗത്തിന് എസ്റ്റിമേറ്റ് പുതുക്കണം, കൂടുതല്‍ തുക കൂട്ടിച്ചേര്‍ക്കണം തുടങ്ങിയ തടസങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നത് ആനക്കുളം മുചുകുന്ന് റോഡ് മുറിച്ചുകടന്നാണ്. ഇവിടെയും അണ്ടര്‍പാസ് വരുന്നതിനെക്കുറിച്ചു ഒന്നുംപറയുന്നില്ല. അണ്ടര്‍പാസ് ഇല്ലാതെയായാല്‍ ആനക്കുളം ടൗണ്‍ തന്നെ ഇല്ലാതായിപ്പോകുമെന്നാണ് സമരസമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കെ. ദാസന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ആനക്കുളത്തിനും തിക്കോടിക്കും ഇടയില്‍ ഗതാഗത തടസങ്ങളുണ്ടായാല്‍ ബദല്‍ പാദയായി ഉപയോഗിച്ചുവരുന്ന പ്രധാന റോഡുകളിലൊന്നാണിത്. കൂടാതെ മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്ക് പോകാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന വഴിയാണിത്. അകലാപ്പുഴ പാലംവരുന്നതോടെ ഈ റോഡ് തുറയൂര്‍, മണിയൂര്‍ വഴി കണ്ണൂര്‍ജില്ലയിലേക്കുള്ള ഏറ്റവും അടുത്ത ബദല്‍പാതയാണ്. കൂടാതെ മലബാറിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായ പിഷാരികാവ് ക്ഷേത്രത്തിലേക്കും പാറപ്പള്ളി മഖാമിലേക്കും എത്താന്‍ വടക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയമായാണ് ദേശീയപാത അതോറിറ്റി തീരുമാനങ്ങള്‍ എടുത്തത്. പ്രദേശത്തെ ജനപ്രതിനിധികളോട് ആലോചനകള്‍ നടത്തിയിട്ടില്ല. എത്രയോ വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന വഴികളാണ് ഇതുമൂലം അടക്കപ്പെടുന്നത്. ദേശീയപാത അതോറിറ്റിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് സമരങ്ങള്‍ ക്ഷണിച്ചുവരുത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ തിരുവങ്ങൂരില്‍മാത്രമാണ് ട്രാഫിക് ജങ്ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവങ്ങൂര്‍ കഴിഞ്ഞാല്‍ ചെങ്ങോട്ടുകാവുവരെ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമെവിടെയുമില്ല. തോരായിക്കടവ്, കാഞ്ഞിലശ്ശേരി റോഡ് വഴി പൂക്കാട് വരുന്നവര്‍ക്ക് പ്രധാന പാതയിലേക്ക് കയറണമെങ്കില്‍ അണ്ടര്‍പാസ് വരുന്ന തിരുവങ്ങൂര്‍വരെ സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച്, അവിടെനിന്ന് ദേശീയപാതയിലേക്ക് കയറേണ്ടിവരും. തിരുവങ്ങൂരില്‍ അത്തോളി കുനിയില്‍ക്കടവ് പാലം റോഡ് ദേശീയപാതയുമായി സംഗമിക്കുന്നിടത്ത് 24 മീറ്റര്‍ നീളത്തില്‍ അണ്ടര്‍പാസ് നിര്‍മിക്കുന്നുണ്ട്. അവിടെനിന്ന് മാത്രമായിരിക്കും പ്രധാന പാതയിലേക്ക് കയറാന്‍ അനുമതിയുണ്ടാവുക. അതേപോലെ പൂക്കാടിന് പടിഞ്ഞാറ്ുവശത്തുള്ളവര്‍ക്കും പ്രധാനപാതയിലേക്ക് കയറണമെങ്കില്‍ സര്‍വീസ് റോഡിലൂടെ ചെങ്ങോട്ടുകാവ് വരെ സഞ്ചരിക്കേണ്ടിവരും. പൂക്കാട് ടൗണ്‍ നിലനില്‍ക്കുന്നസ്ഥലത്ത് ജങ്ഷന്‍ സ്ഥാപിക്കുകയോ അണ്ടര്‍പാസ് നിര്‍മിക്കുകയോ ചെയ്തില്ലെങ്കില്‍ വലിയ യാത്രാക്ലേശമായിരിക്കും അനുഭവിക്കുക.
ദേശീയപാത വികസനത്തിന്റെ അലൈയിന്‍മെന്റുപ്രകാരം പൊയില്‍ക്കാവ് ടൗണിലും റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനത്തെക്കുറിച്ച് പറയുന്നില്ല. ഫൂട്ട് ഓവര്‍ ബ്രിഡ്ജോ, അണ്ടര്‍പാസോ ഇല്ലെങ്കില്‍ ടൗണില്‍ എത്തുന്നവര്‍ പാത മുറിച്ചുകടക്കാന്‍ വലിയ പ്രയാസം നേരിടും. പൊയില്‍ക്കാവില്‍നിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കാന്‍ സര്‍വീസ് റോഡില്‍ പ്രവേശിച്ച് ചെങ്ങോട്ടുകാവ് ജങ്ഷനില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കേണ്ടിവരും. യാത്രാമാര്‍ഗം അടയുമ്പോള്‍ പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കു പോകാന്‍ വലിയ പ്രയാസമാകും.