മഴക്കാലമായതോടെ പനി പിടിച്ചോ? ഇതാ വീട്ടില്‍ തന്നെയുണ്ട് ഒറ്റമൂലി!
മഴക്കാലമെന്നാല്‍ പനിയുടെ സീസണ്‍ കൂടിയാണ്. ചെറിയ ചാറ്റല്‍ മഴ നനഞ്ഞാല്‍ പോലും പലരും പനി പിടിച്ച് ആഴ്ചകളോളം വീട്ടില്‍ തന്നെ ഇരുന്നു പോവാറുണ്ട്. എന്നാല്‍ കൃത്യമായ മുന്‍കരുതലുകളും ഒറ്റമൂലികളുമുണ്ടെങ്കില്‍ മഴക്കാലത്തെ പനിയും ജലദോഷവും ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. അത്തരത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒറ്റമൂലിയാണ് പനിക്കൂര്‍ക്കയില.
പനിക്ക് മാത്രമല്ല, ആര്‍ത്രൈറ്റിസ്, ദഹന പ്രശ്‌നം, കുട്ടികളിലെ കൃമിശല്യം വയറുവേദന തുടങ്ങി നിരവധി അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടിയാണ് പനിക്കൂര്‍ക്കയില.
പനിയും, ജലദോഷവും പിടിച്ചാല്‍ തുടക്കത്തില്‍ തന്നെ താഴെ പറയുന്ന രീതിയില്‍ പനിക്കൂര്‍ക്കയിലെ ഇനി പരീക്ഷിച്ചു നോക്കൂ,
ആദ്യം കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്കയയില വെള്ളത്തില്‍ ഇട്ടു വെക്കുക. ശേഷം ഇതിലേക്ക് കുറച്ച് ചായപ്പൊടി ഇടുക. എന്നിട്ട് ഇവ രണ്ടും നന്നായി തിളപ്പിച്ച് എടുക്കുക. തുടര്‍ന്ന് ഈ വെള്ളം അരിച്ചെടുക്കുക. ഓര്‍ക്കുക പനിക്കൂര്‍ക്കയില നല്ലതുപോലെ വാടിയതിനുശേഷം മാത്രമേ വെള്ളം അരിച്ചെടുക്കാന്‍ പാടുള്ളൂ.
അരിച്ചെടുത്ത വെള്ളത്തിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും കുറച്ച് നാരാങ്ങാനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇതിനൊപ്പം കുറച്ച് പഞ്ചസാരയും ചേര്‍ക്കാവുന്നതാണ്. പഞ്ചസാരയില്ലാതെ കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. ശേഷം മിക്‌സിയില്‍ അടിച്ചെടുത്തത് ഒന്നുകൂടി അരിച്ചെടുത്ത് കുടിക്കുക.
ഇങ്ങനെയൊന്നും ചെയ്യാതെയും പനിക്കൂര്‍ക്കയില ഉപയോഗിക്കാവുന്നതാണ്. ഇല ചൂടാക്കി അതിന്റെ നീരെടുത്ത് കുടിക്കുന്നതും ഇല വെറുതെ തിളപ്പിച്ച് കുടിക്കുന്നതും ജലദോഷത്തിനും പനിക്കും നല്ലതാണ്.
കുട്ടികള്‍ക്ക് ചുമ, ജലദോഷം ഇവയുണ്ടെങ്കില്‍ പനിക്കൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഈ നീരില്‍ അല്‍പം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ രണ്ടു ദിവസം കൃത്യമായ ഇടവേളകളില്‍ ചെയ്താല്‍ തന്നെ കുട്ടികളുടെ ചുമയും ജലദോഷവും മാറും.
അസുഖങ്ങള്‍ക്ക് പരിഹാരം എന്നതിനപ്പറും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കൂട്ടാനും പനിക്കൂര്‍ക്കയിലയ്ക്ക് സാധിക്കും.