മലപ്പുറത്ത് ഏഴ് വയസുകാരന്‍റെ മരണം; ഷിഗല്ലയെന്ന് സംശയം; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


മലപ്പുറം: മലപ്പുറത്ത് ഏഴു വയസുകാരന്‍ മരിച്ച സംഭവം ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണി സ്വദേശിയായ ഏഴു വയസുകാരനെ വയറിളക്കത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ചു.

കുട്ടിയില്‍ ഷിഗല്ലയുടെ എല്ലാ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കുട്ടിയില്‍ നിന്നും സ്രവങ്ങള്‍ ശേഖരിച്ച് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം.

ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​െഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

പ്രതിവിധി…

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,
  • ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  •  വ്യക്തിശുചിത്വം പാലിക്കുക.
  • തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
  • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
  •  വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.
  •  ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
  • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
  •  വൃത്തിഹീനമായ സാഹചര്യങ്ങളിൽ  ഇടപഴകാതിരിക്കുക.
  •  രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
  •  പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
  •  രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.
  •  കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ.