‘മനുഷ്യ സ്‌നേഹിയാകണം യഥാര്‍ത്ഥ ഡോക്ടര്‍, ഇതിന്റെ ഉദാത്തമായ രൂപമാണ് ഡോ. സന്ധ്യ കുറുപ്പ്’; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താ താരം പട്ടികയിലെ ഡോ. സന്ധ്യ കുറുപ്പിനെ കുറിച്ച് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട്‌


എന്താണ് സംഭവിക്കുന്നതെന്നു മനസിലാക്കുന്നതിനു മുന്‍പേ കോവിഡ് ആക്രമണം തുടങ്ങിയപ്പോള്‍ നാടിന് ആശ്വാസമായി സഹപ്രവര്‍ത്തകര്‍ക്ക് കരുത്തായി ഡോ.സന്ധ്യ കുറുപ്പ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡോ.സന്ധ്യ കുറുപ്പിനെ പറ്റി അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയൂഷ് നമ്പൂതിരിപ്പാട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു.

നല്ലൊരു മനുഷ്യ സ്‌നേഹിയായിരിക്കണം ഒരു യഥാര്‍ത്ഥ ഡോക്ടര്‍. ഈ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്തമായ രൂപമാണ് ഡോ.സന്ധ്യക്കുറുപ്പെന്ന് ഡോ.പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു. നല്ലൊരു ഡോക്ടറുടെ മുഖമുദ്രയാണ് കരുണയും എളിമയും ജോലിയോടുള്ള സമര്‍പ്പണവും. ഇതിനുദാഹരണമാണ് ഡോ. സന്ധ്യക്കുറുപ്പിന്റെ ജീവിതം. കൊവിഡിനെതിരെ പോരാടുന്നതിലും മികച്ച പ്രവര്‍ത്തനമാണ് ഡോ. സന്ധ്യ കുറുപ്പ് കാഴ്ചവെച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോലിയുടെ ഭാഗമായി ഇതിനോടകം നിരവധി സ്ഥലങ്ങളില്‍ സന്ധ്യ സേവനം ചെയ്തിട്ടുണ്ട്. പെരുമാറ്റത്തിലൂടെയും വ്യക്തിത്വത്തിലൂടെയും ഇവിടെയുള്ള ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ സന്ധ്യക്ക് സാധിച്ചു. ജോലിയോടുള്ള അര്‍പ്പണമനോഭാവമാണ് ഇത്തരമെരു നേട്ടത്തിന് അവരെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

വടകര എടോടി സ്വദേശിയാണ് ഡോ. സന്ധ്യ കുറുപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിനില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ 2000 ത്തിലാണ് സര്‍ക്കാര്‍ സര്‍വ്വീസിലെത്തുന്നത്. മേപ്പയ്യൂരിലാണ് ആദ്യം ജോലി ചെയ്തത്. തുടര്‍ന്ന് അരിക്കുളം, കാക്കൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അരിക്കുളം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പഞ്ചായത്തായി മാറ്റുന്നതിനായി ഡോ. സന്ധ്യ പ്രവര്‍ത്തിച്ചു. മൂന്ന് കൊല്ലം മുമ്പാണ് അവര്‍ കൊയിലാണ്ടിയിലേക്ക് എത്തുന്നത്.

ആതുരസേവന രംഗത്ത് മാത്രമല്ല, അക്കാദമിക രംഗത്തും, സാമൂഹ്യ സേവന രംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഡോ. സന്ധ്യ സജീവമാണ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ) കോഴിക്കോട് വൈസ് പ്രസിഡന്റാണ് ഡോ. സന്ധ്യ. കൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) കോഴിക്കോട് സെക്രട്ടറി, ഐ.എം.എ വനിതാ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. പാലിയറ്റീവ് പ്രവര്‍ത്തനങ്ങളിലും ഡോ. സന്ധ്യ സജീവമാണ്.

മികച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ 2020 ല്‍ ഐ.എം.എയുടെ പുരസ്‌കാരവും ഡോ. സന്ധ്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഡോ. സന്ധ്യ കുറുപ്പിനെ കൊയിലാണ്ടിയുടെ വാർത്താതാരമായി തെരഞ്ഞെടുക്കാനായിഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ.