മദ്യമോ സിന്തറ്റിക് ലഹരിമരുന്നുകളോ ഉപയോ​ഗിച്ച് വണ്ടി ഓടിക്കാമെന്ന് കരുതണ്ട, പിടിവീഴും; പരിശോധിച്ചാൽ മിനിറ്റുകൾക്കകം ഫലം നൽകും, ആല്‍കോ സ്‌കാന്‍ വാനുമായി പോലീസ്


കോഴിക്കോട്: മദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാനുമായി പോലീസ്. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. വാഹനം വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. പൂര്‍ണമായും ശീതീകരിച്ചതാണ് വാഹനം.

ലഹരിമരുന്നുപയോഗം കണ്ടെത്താന്‍ നിലവിലുള്ള പരിമിതികള്‍ മറികടക്കുന്നതാണ് പുതിയസംവിധാനം. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്നുകള്‍ക്കെതിരായ ബോധവത്കരണം വ്യത്യസ്ത പരിപാടികളിലൂടെ സെപ്റ്റംബര്‍ 13 മുതല്‍ ജില്ലയില്‍ പോലീസ് നടത്തിവരികയാണ്. മദ്യമയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.

Summary: Don’t think you can drive afterthe use of alcohol or synthetic drugs; Police with Alco scan van