ഭക്തിസാന്ദ്രമായി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രോത്സവത്തിലെ താലപ്പൊലി എഴുന്നള്ളിപ്പ്; കുട്ടിച്ചാത്തൻ തിറ കാണാനെത്തിയത് നൂറുകണക്കിന് ഭക്തർ (വീഡിയോ കാണാം)


കൊയിലാണ്ടി: ഭക്തി സാന്ദ്രമായി പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രം.  മഹോത്സവത്തിന്റെ ഭാഗമായി ഇളനീര്‍ കുലവരവ് നടന്നു. വൈകീട്ട് എള്ള് വീട്ടില്‍ കുമാരന്റെ വീട്ടില്‍ നിന്നുമാരംഭിച്ച വരവ് ക്ഷേത്രത്തിലെത്തിചേര്‍ന്നു. തുടര്‍ന്ന് ഭക്തിയിലാറാടി കുട്ടിച്ചാത്തന്‍ തിറയും അരങ്ങേറി. നൂറു കണക്കിന് ഭക്തരാണ് തിറ കാണാനെത്തിയത്.

ദീപാരാധനയ്ക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പ് നടന്നു. കോതമംഗലം സൗത്ത് എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ആരംഭിച്ച എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിലെത്തിയ ശേഷം പുരന്തര ദാസ്, പയറ്റുവളപ്പില്‍ മണി, കേരളശ്ശേരി സുബ്രഹ്‌മണ്യന്‍, കേരളശ്ശേരി രാമന്‍കുട്ടി ആശാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും അരങ്ങേറി.

രാത്രി ഭഗവതി തിറ, പള്ളിവേട്ടയും ഉണ്ടായിരിക്കും. നാളെ വൈകീട്ട് ആറു മണിക്ക് ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെട്ട് ചെറിയമങ്ങാട് ദുര്‍ഗ്ഗാദേവീ ക്ഷേത്ര റോഡിലൂടെ സമുദ്രതീരത്ത് എത്തി ആറാട്ട് കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷേത്ര സന്നിധിയില്‍ തിരിച്ചെത്തും. രാത്രി 12.30 ന് വലിയ ഗുരുതി തര്‍പ്പണത്തിനു ശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

ഫെബ്രുവരി പത്തിനാണ് ക്ഷേത്രോത്സവത്തിന് കൊടിയേറിയത്. ഉത്സവത്തിന്റെ ഭാഗമായി കാഴ്ചശീവേലി, നാഗരാജാവിനും നാഗയക്ഷിക്കും വിശേഷാല്‍ പൂജ, നൂറുംപാലും പാല്‍പ്പായസ നിവേദ്യം, ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം, തായമ്പക, നാന്തകം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു.

ഫോട്ടോ കടപ്പാട് – സുബൈർ പാലക്കുളം

വീഡിയോ കാണാം: