ബൈക്ക് പട്രോളിംഗിനിടെ പോലീസുകാരന് നേരെ അക്രമം; വടകര സ്വദേശിയായ യുവാവ് അറസ്റ്റില്‍
വടകര: ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അക്രമിച്ച പ്രതി അറസ്റ്റില്‍. വടകര ബീച്ച് സ്വദേശി കുറുക്കോട് വീട്ടില്‍ ഷറീഫ് (36) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.25 ഓടെ മലോല്‍ മുക്കിലാണ് സംഭവം.
പട്രോളിംഗിനിടെ റോഡരികില്‍ ഓട്ടോറിക്ഷയില്‍ ബഹളം ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ സംഭവം അന്വേഷിക്കുന്നതിനിടെ ഷറീഫ് വടകര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസുകാരന്‍ റിനീഷ് കൃഷ്ണയെ അക്രമിക്കുകയായിരുന്നു. പോലീസുകാരന്റെ യൂണിഫോം വലിച്ച് കീറുകയും മര്‍ദിക്കുകയും ചെയ്തു. പോലീസുകാരന്‍ വടകര ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി.
പോലീസുകാരനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.