ബി.പി ശ്രദ്ധിച്ചില്ലെങ്കില്‍ വൃക്കയും ഹൃദയവുമെല്ലാം പണിമുടക്കാം; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്നതെങ്ങനെയെന്നറിയാം
ജീവിതശൈലി രോഗങ്ങളില്‍ പൊതുവില്‍ കണ്ടുവരുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം മറ്റുപല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. അതില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം ഹൃദയത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട്. ഹൃദയാഘാതത്തിനുവരെ രക്തസമ്മര്‍ദ്ദം കാരണമാകാറുണ്ട്.
ബിപിയും ഹാര്‍ട്ട് അറ്റാക്കും
ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികളുടെ ഭിത്തികള്‍ക്ക് എതിരായി പതിവായി ശക്തമായ രക്തയോട്ടമുണ്ടാകുന്ന അവസ്ഥയാണ് ബിപിയിലുണ്ടാകുന്നത്. ക്രമേണ ഈ പ്രഷര്‍ ധമനികളെ ബാധിക്കുന്നു. ധമനികള്‍ ബാധിക്കപ്പെടുന്നതിന് പിന്നാലെ ഹൃദയവും ബാധിക്കപ്പെടുന്നു.
ബിപി നിയന്ത്രിക്കാതെ നാം മുന്നോട്ട് പോകുമ്പോള്‍ അത് ഹൃദയത്തിന് വലിയ ഭാരമാണുണ്ടാക്കുന്നത്. എപ്പോഴും ശക്തിയായി രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഈ ജോലിഭാരം പതിയെ ഹൃദയപേശികളുടെ ആരോഗ്യത്തെ നശിപ്പിക്കാനും പല അനുബന്ധപ്രശ്നങ്ങളിലേക്ക് ഹൃദയമെത്താനും കാരണമാകുന്നു. ഇതോടെ വിവിധ ഹൃദ്രോഗങ്ങള്‍ക്കും ഒപ്പം ഹൃദയാഘാതത്തിനും (ഹാര്‍ട്ട് അറ്റാക്ക്) സാധ്യത ഉയരുന്നു.
ഉയര്‍ന്ന ബിപി ധമനികളുടെ അകത്തെ ആവരണത്തെയും തകര്‍ക്കുന്നു. ഇതോടെ ഇവിടങ്ങളിലൊക്കെ കൊഴുപ്പ് അടിയുന്ന സാഹചര്യമുണ്ടാകുന്നു. ക്രമേണ ഇതുവഴിയുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ എല്ലാം തടസപ്പെടാനുള്ള സാഹചര്യമുണ്ടാകുന്നു. ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ? ഇതാണ് പെട്ടെന്ന് ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കുക.
ഹൃദയാഘാതം പോലെ തന്നെ അനിയന്ത്രിതമായ ബിപി പക്ഷാഘാതം അഥവാ സ്ട്രോക്കിനുള്ള സാധ്യതയും തുറക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതിലൂടെയാണ് പക്ഷാഘാതത്തിനുള്ള സാധ്യതയുണ്ടാകുന്നത്.
ഉയര്‍ന്ന ബിപി ക്രമേണ വൃക്കകളെയും ബാധിക്കാം. വൃക്കകളിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതും ഏറെ അപകടകരമായ അവസ്ഥ തന്നെയാണ്.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപിയുള്ളവര്‍ എങ്ങനെയും അത് നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. ജീവിതരീതി, പ്രത്യേകിച്ച് ഭക്ഷണം അതിന് അനുസരിച്ച് ചിട്ടപ്പെടുത്തുക. മരുന്നോ ചികിത്സയോ ആവശ്യമാണെങ്കില്‍ അതെടുക്കുക. ഇടവിട്ട് ബിപി പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.