ബിജെപിക്ക് കനത്ത തിരിച്ചടി; തലശ്ശേരിയിൽ പാർട്ടി നേതാവായ നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കി
തലശ്ശേരി: തലശ്ശേരിയില്‍ ബിജെപി നഗരസഭാ കൗണ്‍സിലറെ അയോഗ്യനാക്കി. മഞ്ഞോടി വാര്‍ഡ് കൗണ്‍സിലർ കെ ലിജേഷിനെയാണ് അയോഗ്യനാക്കിയത്. സ്ഥിരമായ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ കൗൺസിൽ ചട്ടപ്രകാരമാണ് നടപടി. തുടർച്ചയായി ആറു കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ അയോഗ്യനാക്കാമെന്നാണ് ചട്ടം.
ചൊവ്വാഴ്ച്ച രാവിലെ ചേർന്ന നഗരസഭാ യോഗത്തിൽ മുപ്പതാമത്തെ അജണ്ടയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. അയോഗ്യനാക്കരുതെന്നാവശ്യപ്പെട്ട് ലിജേഷ് അപ്പീല്‍ നല്‍കിയെങ്കിലും കൗണ്‍സില്‍ തളളുകയായിരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ട് 91(1)(കെ) വകുപ്പ് പ്രകാരമാണ് ലിജേഷിനെ അയോഗ്യനാക്കിയതെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ് പറഞ്ഞു. ഇക്കാര്യം ലിജേഷിനെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വഴി അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
സിപിഎം പ്രവർത്തകനായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റുകൂടിയായ ലിജേഷ്. 2022 ഫെബ്രുവരി 21 ന് പുലർച്ചെയാണ് ഹരിദാസന്റെ കൊലപാതകം നടന്നത്. തുടർന്ന് അറസ്റ്റിലായ ലിജേഷ് ഇന്നും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാൾ നൽകിയ ജാമ്യഹർജി ഹൈക്കോടതിയും തളളിയിരുന്നു.
Summary: bjp Municipal councilor disqualified in Thalassery