ബാലുശ്ശേരിയിലെ നവവധുവിന്റെ മരണം: തേജ ലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു കൈക്കലാക്കി, മരണത്തില്‍ ദുരൂഹത; യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസമാണ് കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജ ലക്ഷ്മി(18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവാവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സിന് ചേര്‍ന്നിരുന്നു. തേജയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജിനു സൂത്രത്തില്‍ കൈക്കലാക്കിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

ഇന്നലെയാണ് യുവതിയെ ബാലുശ്ശേരി ഇയ്യാടുള്ള ഈറോഡ് ചാലില്‍ ജിനു കൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് പത്തു ദിവസം മാത്രമുള്ളപ്പോഴാണ് പതിനെട്ടു വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ തേജോലക്ഷ്മിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെത്തി നോക്കുമ്പോഴും അനക്കമില്ലാത്ത സ്ഥിതിയിലായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രവരി ഒമ്പതിനായിരുന്നു തേജ ലക്ഷ്മിയുടേയും, ബാലുശേരി ഇയ്യാട്ട് സ്വദേശി ജിനുവിന്റേയും വിവാഹം നടന്നത്. അതേസമയം തേജയുടെ ബന്ധുക്കളുടെ അറിവോടെയല്ല വിവാഹം നടന്നതെന്നാണ് വിവരം. കോഴിക്കോട് ആര്യ സമാജത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. തേജയെ അതേ ദിവസം വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ജിനുവിന്റെ വീട്ടിലേക്കാണ് ഇവര്‍ തിരികെ പോയത്.

തേജ മരിച്ച് കിടന്ന മുറിയില്‍ വിരലടയാള വിദഗദ്ധര്‍ അടക്കമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ട തേജയെ അഴിച്ച് കട്ടിലില്‍ കിടത്തിയെന്നാണ് ജിനുവിന്റെ മൊഴി.