ഫെബ്രുവരിയായിട്ടും കനാല്‍ തുറന്നില്ല: എന്തു ചെയ്യണമെന്നറിയാതെ നന്മണ്ടയിലെ നെല്‍കര്‍ഷകര്‍
നന്മണ്ട: ഫെബ്രുവരി മാസം കഴിയാറായിട്ടും കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാല്‍ തുറക്കാത്തത് പുഞ്ച കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കൃഷി ചെയ്ത പാടങ്ങളെല്ലാം വറ്റി വരണ്ടുകഴിഞ്ഞു. വിളവെടുക്കാറാവുമ്പോഴേക്കും നെല്ല് കരിഞ്ഞുവാടുമോയെന്ന ആധിയിലാണിവര്‍.
ചില കര്‍ഷകര്‍ കിണറുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് പാടത്തെ ജലം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രനാള്‍ കിണര്‍ വെള്ളത്തെ ആശ്രയിക്കാനാകും എന്ന് അറിയാത്ത അവസ്ഥയാണ്.
കൊളത്തൂരിലെയും ചീക്കിലോടെയും കര്‍ഷകരാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. കനാല്‍ വെള്ളത്തെ മാത്രം ആശ്രയിച്ച് കൊളത്തില് 50 ഏക്കറിലധികം നെല്‍കൃഷി ചെയ്തിരുന്നു. ഇവിടെ ജലലഭ്യത കുറഞ്ഞതോടെ പുഞ്ചകൃഷി ഉമങ്ങാന് തുടങ്ങിയിരിക്കുകയാണ്.
സാധാരണ ജനുവരി മാസത്തില്‍ കനാലിന്റെ അറ്റകുറ്റപ്പണി നടത്തുകയും മാസാവസാനം അറ്റകുറ്റപ്പണി നടത്തുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ കനാല്‍ തുറക്കാനുള്ള ഒരു സംവിധാനവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.