പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, കോവിഡ് പരിശോധനയും ക്വാറന്റൈനും ഇനി രോഗലക്ഷണമുള്ളവര്‍ക്കു മാത്രം
കോഴിക്കോട്: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ക്വറന്റൈന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
തിരിച്ചെത്തുന്നവരെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും യോഗം എയര്‍പ്പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമേ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനും നിര്‍ദ്ദേശം നല്‍കി.