പേരാമ്പ്രയിലെ ജ്യൂസ് കടകൾ പരിശോധിക്കാനായി ഉദ്യോഗസ്ഥരെത്തും; ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്



തിരുവനന്തപുരം: ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വഴിയോരങ്ങളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ചെറിയ കടകള്‍ മുതലുള്ള എല്ലാതരം കടകളിലും പരിശോധനയുണ്ടാകും.

ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനകളും ഉണ്ടാവും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈല്‍ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

വേനല്‍ക്കാലത്ത് ഏവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വേനല്‍ക്കാലമായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ കടകളില്‍ ഉപയോഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പു വരുത്തണം. പാതയോരങ്ങളില്‍ നിന്നും കടകളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. യാത്രാ വേളയില്‍ വെള്ളം കൂടെ കരുതുന്നതാണ് നല്ലത്.