പത്രക്കെട്ടുകളുമായുള്ള ആ ഓട്ടം ഇനിയില്ല; ഇരിങ്ങലില്‍ വാഹനാപകടത്തില്‍ ഇല്ലാതായത് കൊല്ലത്തുകാര്‍ക്കെല്ലാം ഏറെ സുപരിചിതനായ മാതൃഭൂമി ഏജന്റ്


കൊയിലാണ്ടി: എന്നും രാവിലെ ഒരു ചെറു ചിരിയോടെ വീടിനു മുമ്പില്‍ കണ്ടിരുന്നയാള്‍ അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ ഇല്ലാതായെന്ന വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് കൊല്ലത്തുകാര്‍. കൊല്ലം, മന്ദമംഗലം, വിയ്യൂര്‍ ഭാഗങ്ങളിലുള്ളവരെ സംബന്ധിച്ച് ഏറെ സുപരിചിതനാണ് ഇരിങ്ങലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം ഊരാംകുന്നുമ്മല്‍ നിഷാന്ത് കുമാര്‍. ഈ മേഖലയിലെല്ലാം പത്രവിതരണം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു.

അച്ഛന്‍ സഹദേവന്‍ മാതൃഭൂമി ഏജന്റായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രം വിതരണം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരണപ്പെട്ടത്. തുടര്‍ന്ന് ഏജന്റിന്റെ ചുമതലയും നിഷാന്ത് ഏറ്റെടുത്തു. മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനുമായിരുന്നു. സി.പി.എം അനുഭാവിയായിരുന്ന അദ്ദേഹം പൊതുരംഗത്തും സജീവമായിരുന്നു.


ഇന്ന് രാവിലെ ദേശീയപാതയില്‍ ഇരിങ്ങലില്‍ നടന്ന വാഹനാപകടത്തിലാണ് നിഷാന്തിന് ജീവന്‍ നഷ്ടമായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ അമിതവേഗത്തില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകുന്നേരം ആറുമണിയോടെ കൊല്ലത്തെ വസതിയില്‍ സംസ്‌കരിച്ചു. മരണാനന്തരം നടത്തിയ പരിശോധനത്തില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

പരേതനായ സഹദേവന്റെയും കമലയുടെയും മകനാണ്. ജസ്നയാണ് ഭാര്യ. നന്ദിത, നൈനിക എന്നിവര്‍ മക്കളാണ്.