‘നാട്ടില്‍ ഞാന്‍ പോകാറില്ല, എന്റെ നാട് ഒരു കുഗ്രാമം, ഓണ്‍ലൈന്‍ ലോകത്തെ വിവാദങ്ങളൊന്നും അവിടെ എത്തിയിട്ടില്ല” പേരാമ്പ്രയിലെ തന്റെ നാടിനെക്കുറിച്ച് യൂട്യൂബര്‍ അശ്വന്ത് കോക്ക്


പേരാമ്പ്ര: നാടുമായോ നാട്ടുകാരുമായോ ബന്ധങ്ങള്‍ സൂക്ഷിക്കുന്നയാളല്ല താനെന്ന് യൂട്യൂബര്‍ അശ്വന്ത് കോക്ക്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് തന്റെ നാടായ കൂത്താളിയെക്കുറിച്ച് പറഞ്ഞത്.

”നാട്ടില്‍ ഞാന്‍ പോകാറില്ല, എപ്പോഴെങ്കിലും മാത്രമാണ് പോകാറുള്ളത്. അതും കാറില്‍ നേരെ വീട്ടിലേക്ക് പോകും. പേരാമ്പ്രയാണ് എന്റെ വീട്, കൂത്താളിയെന്ന് പറയും, ഒരു കുഗ്രാമം. അവിടെ രാത്രിയാണ് മിക്കവാറും പോകാറുള്ളത്. കാറില്‍ പോകും, തിരിച്ച് കാറില്‍ വരും. നാട്ടുകാരൊന്നും എന്നെ കാണാറില്ല.” യൂട്യൂബര്‍ എന്ന നിലയില്‍ പ്രശസ്തനായ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതികരണം ഏതു രീതിയിലാണെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് കോക്ക് പറഞ്ഞുന്നു.

” നാട്ടിലെ ആളുകള്‍ക്ക് എന്നെ അറിയാം, ഞാന്‍ കണ്ടന്റ് ക്രിയേറ്റര്‍ ആണെന്ന്. എന്നാല്‍ ഈ രംഗത്തെ വിവാദമൊന്നും അത്ര ബാധിച്ചിട്ടില്ല. പക്ഷേ അമ്മയൊക്കെ ഇടയ്ക്ക് വിളിച്ച് പറയും, മോനേ സൂക്ഷിക്കണേയെന്ന്.” എന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ യൂട്യൂബറാണ് അശ്വന്ത് കോക്ക്. സിനിമയെപ്പറ്റിയും അതിനോട് ബന്ധപ്പെട്ടും വരുന്ന വിഷയങ്ങളില്‍ അദ്ദേഹം ചെയ്യുന്ന വീഡിയോകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്.