നടന് കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: സിനിമാ സീരിയല്‍ നടന് കോട്ടയം പ്രദീപ് അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലര്‍ച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഐ.വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
2010ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന് ചിത്രം ‘വിണ്ണൈ താണ്ടി വരുവായ’ യിലെ തൃഷയുടെ അമ്മാവന് ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. തട്ടത്തിന് മറയത്ത്, ആട് ആമേന്‍, ലൈഫ് ഓഫ് ജോസൂട്ടി, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഭാര്യ: മായ. മക്കള്‍: വിഷ്ണു, വൃന്ദ.