കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ വര്‍ധിച്ചുവരുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടി കര്‍ശനമാക്കി പൊലീസ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്.
നാദാപുരം റോഡിൽ ഫോറസ്റ്റ് ഓഫീസ് വരെയും വയനാട് റോഡിൽ ബസ് സ്റ്റോപ് വരെയും, കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും മരുതോങ്കര റോഡിൽ സിറാജുൽ ഹുദ വരെയും പാർക്കിങ് പാടില്ലെന്നാണ് തീരുമാനം. അത് ലംഘിച്ച് പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴചുമത്തും. ഇതിനിടയില്‍ എവിടെയെങ്കിലും നിർത്തേണ്ടിവന്നാല്‍ സ്വകാര്യ പാർക്കിങ് സ്ഥലങ്ങളെ ആശ്രയിക്കണമെന്നാണ് പഞ്ചായത്തിന്റെയും പൊലീസിന്റെയും നിർദേശം.
ബസുകൾ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്തി ആളെ കയറ്റുന്നതും സ്റ്റോപ്പിനു മുമ്പിൽ ബസ്ബേകളിൽ കയറ്റി നിർത്താത്തതുമെല്ലാം പ്രദേശത്ത് വലിയതോതില്‍ ഗതാഗതക്കുരുക്കിന് കാരണമായി മാറിയിട്ടുണ്ട്. തോന്നിയപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കുരുക്ക് ടൗണിലെ ട്രാഫിക്ക് സംവിധാനത്തെ മൊത്തത്തില്‍ താറുമാറാക്കിയിട്ടുണ്ട്.
പ്രധാന ജങ്ഷനു സമീപം കോഴിക്കോട് റോഡിലെ കയറ്റത്തിൽ ചില ബസുകൾ നിർത്തി ആളെ കയറ്റുന്നതിനാൽ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. ഐഡിയൽ പബ്ലിക് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനു മുന്നിൽ ബസ് നിർത്തുമ്പോൾ പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ റോഡ് വീതിക്കൂട്ടി ബസ്ബേ നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടെ ബസുകൾ നിർത്താത്ത സ്ഥിതിയാണ്. ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടയാക്കിയിട്ടുണ്ട്.
അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടികള്‍ കടുപ്പിച്ചാല്‍ ടൗണിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയ ഒരു പരിധിവരെ പരിഹാരമായേക്കും.