തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കടലൂർ ലൈറ്റ്ഹൗസ് റോഡ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കേരള സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കടലൂര്‍ ലൈറ്റ്ഹൗസ് റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് റോഡ് ഉദ്ഘാടനം ചെയ്തത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ അധ്യക്ഷനായി. തീരദേശ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവിലാണ് കടലൂര്‍ ലൈറ്റ്ഹൗസ് റോഡ് നിര്‍മ്മിച്ചത്.

112 വര്‍ഷം പഴക്കമുള്ള ലൈറ്റ്ഹൗസാണ് തിക്കോടി-കടലൂര്‍ പോയിന്റ് ലൈറ്റ്ഹൗസ്. ദേശീയപാതയില്‍ നന്തി ബസാറില്‍ നിന്ന് അരക്കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ഓടോക്കുന്നിലാണ് ലൈറ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. 1909 ഒക്ടോബര്‍ 20 നാണ് ഈ ലൈറ്റ്ഹൗസ് പ്രവര്‍ത്തനം തുടങ്ങിയത്. 114 അടി ഉയരമുള്ള ലൈറ്റ്ഹൗസ് സമുദ്രനിരപ്പില്‍ നിന്ന് 160 അടി ഉയരത്തിലാണ് ഉള്ളത്. പൂര്‍ണ്ണമായും കരിങ്കല്ലിലാണ് ലൈറ്റ്ഹൗസ് നിര്‍മ്മിച്ചത്.

ലൈറ്റ് ഹൗസില്‍നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി 20 ആണ്. ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതുകൊണ്ട് തന്നെ കടലിലുള്ളവര്‍ക്ക് 40 നോട്ടിക്കല്‍മൈല്‍ അകലെനിന്ന് പോലും ഈ പ്രദേശത്തെ തിരിച്ചറിയാന്‍ കഴിയും.

കടലൂര്‍ പോയിന്റ് ലൈറ്റ്ഹൗസ്

പ്രകാശം പുറപ്പെടുവിക്കുന്ന യന്ത്രം സുഗമമായി കറങ്ങാന്‍ 118 കിലോ മെര്‍ക്കുറി ഉപയോഗിക്കുന്നു. ആദ്യമൊക്കെ ലൈറ്റ് കീപ്പര്‍മാര്‍ കൈകൊണ്ട് കറക്കിയാണ് ഇത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇലക്ട്രോണിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം. ലൈറ്റ് ഹൗസിന് വേണ്ടിയുള്ള ലൈറ്റും, ലെന്‍സും ഇംഗ്ലണ്ടില്‍ (ചാള്‍സ് ബ്രദേഴ്സ്-ലണ്ടന്‍) നിന്നാണ് കൊണ്ടുവന്നത്.

നിരവധി പേരാണ് ലൈറ്റ്ഹൗസ് കാണാനായി ദിവസവും ഇവിടേക്ക് എത്തുന്നത്. ലൈറ്റ്ഹൗസില്‍ നിന്ന് വെള്ളിയാങ്കല്ലിന്റെ ദൃശ്യം ഏറ്റവും അടുത്ത് കാണാന്‍ കഴിയും. ദിവസവും വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയാണ് പ്രവേശനം. കുട്ടികള്‍ക്ക് അഞ്ച് രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

റോഡ് ഉദ്ഘാടനം കഴിഞ്ഞതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ക്ക് നന്തിയിലെ കടലൂര്‍ പോയിന്റ് ലൈറ്റ്ഹൗസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.