തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കാനായി കരാട്ടെ പഠിക്കണമെന്ന് ആവശ്യം; പെണ്‍കുട്ടിക്ക് മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി
തിരുവനന്തപുരം: തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കാനായി തനിക്ക് കരാട്ടെ പഠിക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പീഡനക്കേസില്‍ മൊഴി നല്‍കവേയാണ് മനോനില തകര്‍ന്ന കുട്ടി കോടതിയെ തന്റെ ആവശ്യം അറിയിച്ചത്. കുട്ടിയുടെ മാനസികനില തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി കുട്ടിക്ക് ആവശ്യമായ മനോരോഗ ചികിത്സ ലഭ്യമാക്കാന്‍ പൂജപ്പുര പോലീസിന് നിര്‍ദേശം നല്‍കി.
[wa]
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. കുട്ടിക്ക് ചികിത്സ നല്‍കണമെന്ന കോടതി തീരുമാനത്തെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ്‌മോഹനും അനുകൂലിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായി.
2013 ല്‍ ആറാം ക്ളാസില്‍ പഠിക്കുമ്പോഴാണ് സമീപവാസികളായ രണ്ട് പേര്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ജന്മനാ ചെറിയ മാനസിക പ്രശ്‌നം ഉണ്ടായിരുന്ന കുട്ടിയാണ് പീഡനത്തിന് വിധേയയായത്. ഇതിനു ശേഷം കുട്ടിയുടെ മാനസികനില പൂര്‍ണമായും തകര്‍ന്നു. അച്ഛന്‍ മരിച്ചുപോയ കുട്ടിക്ക് മാനസിക രോഗിയായ അമ്മയും 90 കാരിയായ അമ്മൂമ്മയുമാണ് കൂട്ടിനുള്ളത്.
അമ്മൂമ്മ വീട്ടുജോലിക്ക് പോയ അവസരത്തിലാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനെ എതിര്‍ത്ത കുട്ടിയുടെ അമ്മയെയും കുട്ടിയെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അടുത്ത ദിവസം സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ട മര്‍ദനത്തിന്റെ പാടുകളെപ്പറ്റി അധ്യാപികമാര്‍ നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തത്.
[wa]
സംഭവത്തിനുശേഷം കുട്ടി പൂര്‍ണമായും ആരോടും സംസാരിക്കാതാവുകയും അത് കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്തു. ഇപ്പോള്‍ അമ്മൂമ്മ വീട്ടുജോലിക്ക് പോകുമ്പോള്‍ കുട്ടിയെയും കൂടെ കൊണ്ട് പോവുകയാണ്. പരസഹായമില്ലാത്ത വൃദ്ധ സ്വയരക്ഷയ്ക്കായി വെട്ടുകത്തിയും കൈയ്യില്‍ കരുതിയാണ് നടക്കുന്നതും ചെറുമകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതും.