‘ടി.പി മരിച്ച ദിവസം കേരളം മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വീട്ടിലേക്ക് ഓടിവന്ന മുഖ്യമന്ത്രി, മകന്റെ വിശേഷങ്ങള്‍ ചോദിക്കുന്ന ജനകീയനായ നേതാവ്’; ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് എംഎല്‍എ കെ.കെ രമ


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് വടകര എംഎല്‍എ കെ.കെ രമ. ടിപി ചന്ദ്രശേഖരന്‍ മരിച്ച ദിവസം വീട്ടിലേക്ക് വന്ന്‌ എന്നെയും എന്റെ കുടുംബത്തെയും ആശ്വസിപ്പിച്ച ഉമ്മന്‍ചാണ്ടി അന്ന് തന്ന ആശ്വാസം വളരെ വലുതാണെന്നും, പിന്നീട് നിയമസഭയിലെത്തിപ്പോള്‍ കാണിച്ച സ്‌നേഹവും കരുതലും വേറൊരു രാഷ്ട്രീയ നേതാവിലും കാണാന്‍ സാധിക്കില്ലെന്നും കെ.കെ രമ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

കെ.കെ രമയുടെ വാക്കുകള്‍;

”ഉമ്മന്‍ചാണ്ടി സാറിന് തുല്യം ഉമ്മന്‍ചാണ്ടി സാര്‍ മാത്രമേയുള്ളു. ജനങ്ങളുടെ ഇടയില്‍ ജീവിച്ച ജനകീയനായ നേതാവ് ആരെന്ന് ചോദിച്ചാല്‍ അത് അദ്ദേഹം മാത്രമേയുള്ളൂ. സ്നേഹം കൊണ്ട് ഒരു ജനതയെ മുഴുവന്‍ കീഴടക്കിയ നേതാവ് എന്നുവേണമെങ്കില്‍ അദ്ധേഹത്തെ പറയാം. ജനങ്ങളില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയില്ല.

ഒരു വിശ്രമമില്ലാത്ത ജീവിതമെന്ന് പറയുന്നത് ആദ്ദേഹത്ത സംബന്ധിച്ച് ആലോേചിക്കാന്‍ പറ്റാത്തതാണ്, അങ്ങനെ ഒരു നേതാവിനെ കാണാന്‍ പറ്റില്ല. അത്തരത്തിലായിരുന്നു അദ്ധേഹം. വ്യക്തിപരമായിട്ട് ഞങ്ങള്‍ക്ക് എനിക്കും എന്റെ കുടുംബത്തിനും ഞങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമൊക്കെ അദ്ദേഹം ഒരു വലിയ താങ്ങായി നിന്നൊരു സന്ദര്‍ഭമുണ്ടായിരുന്നുവെന്ന്” കെ.കെ രമ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

”സഖാവ് ടിപി കൊല്ലപ്പെട്ട 2012 മെയ് അഞ്ചാം തീയതി. അന്ന് ഹര്‍ത്തലായിരുന്നു. കേരളം മുഴുവന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്, ഞങ്ങളുടെ വീട്ടിലേക്ക് ഓടിവന്ന കോരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രി, അത് ഞങ്ങള്‍ക്ക് തന്ന ആശ്വാസം ചെറുതായിരുന്നില്ല. കാരണം ഒരു മുഖ്യമന്ത്രി വരുമ്പോള്‍ ഉണ്ടാകുന്ന പ്രതീക്ഷ ആ കൊലയാളികളെ പിടികൂടും എന്നുതന്നെയായിരുന്നു.

അതിനുശേഷം അദ്ധേഹം ആയുധങ്ങളും അധികാരവും പണവും എല്ലാം ഈ ക്രിമിനലുകളെ ഒളിത്താവളങ്ങളില്‍ ഒളിപ്പിച്ചപ്പോള്‍ അവിടെ നിന്ന്‌ പിടിച്ച് നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ വേണ്ടി ഉദ്യാഗസ്ഥര്‍മാര്‍ക്ക് ധൈര്യം കൊടുത്ത, ഉദ്യോഗസ്ഥര്‍മാര്‍ക്ക് എല്ലാം സ്വാതന്ത്ര്യവും കൊടുത്ത ഒരു മുഖ്യമന്ത്രിയായിരുന്നു ബഹുമാന്യനായ ഉമ്മന്‍ചാണ്ടി. അതുകൊണ്ടുതന്നെയാണ് ആ കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചത്. അതൊരു ഇച്ഛാശക്തിയാണ്. അത് തീര്‍ച്ചയായും മറക്കാന്‍ പറ്റാത്ത ഒരനുഭവം കൂടിയാണെന്നും” അവര്‍ പറഞ്ഞു.

”മെയ് അഞ്ചാം തീയതിക്ക് ശേഷവും ഒഞ്ചിയത്ത് ഉണ്ടായ പല സംഘര്‍ഷങ്ങളിലും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് അടിയേറ്റ സമയത്തും, വീടുകള്‍ നഷ്ടപ്പെട്ട സമയത്തുമെല്ലാം ഓടിയെത്താന്‍ അദ്ദേഹം ഉണ്ടായിരുന്നു. അത്തരത്തില്‍ വേദനിക്കുന്നവരുടെ കൂടെയായിരന്നു അദ്ദേഹമെന്നും.

നിയമസഭയില്‍ എത്തിയപ്പോഴും അദ്ധേഹം തന്ന ഒരു സ്നേഹവും കരുതലും മറക്കാന്‍ പറ്റില്ല. എപ്പോള്‍ കണ്ടാലും മകന്റെ വിശേഷങ്ങള്‍ ചോദിക്കും മോനെ നല്ലരീതിയില്‍ വളര്‍ത്തണമെന്ന് ഉപദേശിക്കും. ആ…. ഒരു കരുതലുണ്ടല്ലോ ആ കരുതല്‍ മറ്റൊരു രാഷ്ട്രീയ നേതാവിലും നമുക്ക് കാണാന്‍ കഴിയില്ല, അത് ഉമ്മന്‍ചാണ്ടി സാറിലേ കാണാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തീര്‍ച്ചയായും ഉമ്മന്‍ചാണ്ടി സാറിന്റെ വിയോഗമെന്നത് സഹിക്കാന്‍ പറ്റാത്തതാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ വല്ലാത്ത പ്രയാസമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തരുടെയും ദുംഖത്തില്‍ പങ്കുചേരുന്നുവെന്ന്” കെ.കെ രമ പറഞ്ഞു.