ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്ന് മറുപടി, എക്സറേ എടുത്തപ്പോൾ ശരീരത്തിൽ നാല് ക്യാപൂളുകൾ; 52 ലക്ഷത്തിന്റെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.30-ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുഹിയുദ്ദീന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.30-ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അല്പസമയം വിമാനത്താവള പരിസരത്ത് തങ്ങിയ ഇയാള്‍ സുഹൃത്തിനൊപ്പം കാറില്‍ കയറി പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലില്‍ തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇയാളുടെ ലഗേജ് പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ഇതോടെ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധന നടത്തുകയും ശരീരത്തിനുള്ളില്‍ സ്വര്‍ണമിശ്രിതമടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തുകയുമായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് കൈമാറുമെന്നും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Summary: malappuram native arrested for gold smuggling in karipur airport