ചെക്യാടും വേളത്തും പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് പരിക്ക്, ജനങ്ങള്‍ ഏറെ നേരം പരിഭ്രാന്തരായി


ചെക്യാട്: ചെക്യാടും വേളത്തും പോത്ത് വിരണ്ടോടി. ചെക്യാട് താനക്കോട്ടൂരില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. താനക്കോട്ടൂര്‍ കുണ്ടന്‍ചാലില്‍ ഷാല്‍വിന്‍ കൃഷ്ണ (12), താനക്കോട്ടൂര്‍ സ്വദേശി അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടി ഭാഗത്തുനിന്ന് പോത്ത് വിരണ്ടോടി താനക്കോട്ടൂര്‍ താടിക്കാരന്‍ അമ്പലത്തിനടുത്തെത്തുകയായിരുന്നു. ഇവിടെ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്ത് ജനങ്ങള്‍ക്കുനേരെയും തിരിഞ്ഞു. ഇതുവഴി കളിക്കാന്‍പോകുന്ന കുട്ടികള്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. പോത്തിന്റെ വരവുകണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ വീണാണ് ഷാല്‍വിന്റെ കാലിന് പരിക്കേറ്റത്. നാട്ടുകാര്‍ ഷാല്‍വിനെ നാദാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതിന് അല്പദൂരം മാറി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന അര്‍ഷാദിനും കൂട്ടുകാര്‍ക്കുംനേരെയാണ് പോത്ത് പിന്നെ തിരിഞ്ഞത്. സുഹൃത്തുക്കള്‍ ഓടിരക്ഷപ്പെട്ടെങ്കിലും അര്‍ഷാദിനെ പോത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അര്‍ഷാദിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീകളെയടക്കം പോത്ത് ആക്രമിക്കാന്‍ മുതിര്‍ന്നെങ്കിലും പലരും പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഉടമസ്ഥര്‍ വന്ന് പോത്തിനെ തിരിച്ചുകൊണ്ടുപോയെങ്കിലും വൈകീട്ട് ആറുമണിയോടെ രണ്ടുപോത്തുകള്‍ വീണ്ടും വിരണ്ടോടി പ്രദേശത്ത് എത്തിയിട്ടുണ്ട്. രാത്രി വൈകിയും പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമം തുടര്‍ന്നു.

അതേസമയം വേളത്ത് ബലിപെരുന്നാളിന് അറക്കാനായികൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ചേരാപുരം അനന്തോത്ത് സലഫി ജുമാമസ്ജിദിന് കീഴിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറക്കാനായി കൊണ്ടുവന്ന പോത്താണ് വ്യാഴാഴ്ച രാവിലെ വിരണ്ടോടിയത്.

അനന്തോത്ത് വയലിലൂടെ ഓടിയ പോത്ത് ആളുകളെ വിറപ്പിച്ചു. പിന്നീട് പൂളക്കൂല്‍ഭാഗത്തെ മലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടികൂടി മെരുക്കിക്കെട്ടിയത്. വിരണ്ടോടിയ പോത്തിനെ കണ്ട് ഭയന്ന് വയലില്‍വീണ ഒരാള്‍ക്ക് നിസ്സാരപരിക്കേല്‍ക്കുകയും ചെയ്തു. പോത്തിനെ പിടികൂടിയതിനുശേഷം ബലികര്‍മം നിര്‍വഹിക്കുകയായിരുന്നു.