കർമ്മങ്ങളുടെ മർമ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീൻ ഹൈതമി


Advertisement

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

തൊരു കർമ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്.”കർമ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ” എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം.വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്.നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല.റമദാൻ മാസത്തെ ഫർളായ നാളത്തെ നോമ്പിനെ ഞാൻ അനുഷ്ഠിക്കാൻ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്.വ്രതത്തിനുള്ള നിയ്യത്ത് പ്രഭാതോദയത്തിനു മുമ്പാണ് എന്നു പറഞ്ഞത് നിർബന്ധമായ വ്രതത്തിൽ മാത്രമാണ്.അതേസമയം സുന്നത്തായ നോമ്പാണെങ്കിൽ ഉച്ചയ്ക്ക് മുമ്പായി നിയ്യത്ത് കരുതിയാൽ മതി.

Advertisement

റമദാൻ പ്രതാരംഭത്തിൽ തന്നെ ഈ മാസത്തെ മുപ്പത് നോമ്പും അനുഷ്ഠിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു എന്നു കരുതിയാൽ അത് ആദ്യത്തെ നോമ്പിന്റെ നിയ്യത്തായി പരിഗണിക്കുമെങ്കിലും, തുടർന്നുള്ള നോമ്പുകൾക്ക് അത് ബാധകമല്ല എന്നാണ് നമ്മുടെ മദ്ഹബായ ശാഫിഈ വീക്ഷണം.എന്നാൽ ഇപ്രകാരം നിയ്യത്ത് കരുതിയാൽ ഏതെങ്കിലും ഒരു ദിവസത്തെ നിയ്യത്ത് മറന്നുപോയാൽ അത് പ്രശ്നമില്ലെന്നാണ് ഇമാം മാലികിന്റെ അഭിപ്രായം.നിയ്യത്ത് ഉച്ചരിക്കൽ നിർബന്ധമില്ല, കരുതലോടെ കൂടെ തന്നെ നോമ്പ് സ്വീകാര്യയോഗ്യമാകുന്നതാണ്.

Advertisement

ഓരോ സൽകർമ്മങ്ങൾക്കു മുമ്പും വിശ്വാസിയുടെ നിയ്യത്ത് ആത്മാർത്ഥമായിരിക്കണം.നമ്മുടെ പ്രവർത്തനങ്ങൾ കൊണ്ട് അല്ലാഹുവിനെ സന്തോഷിപ്പിക്കുക എന്നതായിരിക്കണം ആത്യന്തികമായ ലക്ഷ്യം.അല്ലാതെ ജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാവരുത്.എങ്കിൽ മാത്രമേ നാം ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രതിഫല യോഗ്യമാവുകയുള്ളൂ.നല്ല ഉദ്ദേശ്യശുദ്ധിയോടെ സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.

Advertisement