കോവിഡ് രോഗികളെ പരിചരിച്ചവർ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയാകും; സമ്പർക്കമുള്ള എല്ലാവർക്കും ക്വാറൻ്റൈൻ വേണ്ട


കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തിൽ കൊവിഡ് 19 ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനം കൂടുന്നുണ്ടെങ്കിലും രോഗതീവ്രത കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗികളുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ക്വാറൻ്റൈൻ ആവശ്യമില്ലെന്നും രോഗിയെ അടുത്തു പരിചരിക്കുന്നവര്‍ മാത്രം നിരീക്ഷണത്തിൽ പോയാൽ മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ്.

സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഈ ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസം നല്കുന്നതാണെങ്കിലും അടുത്ത മൂന്നാഴ്ച അതീവ ശ്രദ്ധ പുലർത്തണം.

ജില്ലയിലെ വിരമിച്ച ഡോക്ടര്‍മാര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ടെലി മെഡിസിന്‍ സംവിധാനം സജ്ജമാക്കും. ടെലി മെഡിസിൻ സൗകര്യം എല്ലാവരും കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അറിയിച്ചു.

ഹോം ഐസൊലേഷന്‍ മെച്ചപ്പെപ്പെടുത്തിയാല്‍ കേസുകള്‍ കുറയും. തീവ്ര പരിചരണത്തിനൊപ്പം പ്രധാനമാണ് ഗൃഹ പരിചരണം. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, പാലിയേറ്റിയവ് കെയര്‍ നഴ്‌സുമാര്‍, സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഗൃഹ പരിചരണത്തില്‍ പരിശീലനം നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ കോവിദഃ രോഗികളെ വിളിച്ചില്ലെങ്കില്‍ ദിശ 104, 1056, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയില്‍ വിളിച്ച് വിവരം അറിയിക്കണം. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും. പാലിയേറ്റീവ് കെയര്‍ വോളണ്ടിയന്‍മാരെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ ഏകോപിപ്പിക്കുന്നതാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.