കോടഞ്ചേരി ഗവ കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (22/10/22) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

സീറ്റൊഴിവ്

കോടഞ്ചേരി ഗവ കോളേജില്‍ 2022-2023 അധ്യയന വര്‍ഷത്തിലേക്ക് വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എം.എ എക്കണോമിക്‌സ് എസ്.ടി വിഭാഗം -1, ബി.എ എക്കണോമിക്‌സ് -എസ്.ടി-3, ഒബിഎക്‌സ്-1, ബികോം എസ്.ടി-2, ബി.എസ്.സി ഫിസിക്‌സ് എസ്. സി-3, എസ്.ടി-2. ഒഴിവുകളിലേക്ക് യോഗ്യരായ, യൂണിവേര്‍സിറ്റി കാപ് ഐഡി ലഭ്യമായ  വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 25 ന് 10 മണിക്ക് രേഖകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ 8289853275.

സീറ്റൊഴിവ്

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2022-23) ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തിനും ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ ഒ.ഇ.സി വിഭാഗത്തിനും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയ താല്പര്യമുളളവര്‍ ഒക്‌ടോബര്‍ 25 ന് രാവിലെ 10 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് 0494 2582800.

ഓപ്പറേഷന്‍ യെല്ലോ: 11 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലപീടിക, വെങ്ങളം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടെത്തി. 1000 സ്‌ക്വയർഫീറ്റില്‍ അധികം വിസ്തൃതിയുള്ള വീട്, നാലുചക്ര സ്വകാര്യവാഹനം എന്നിവ സ്വന്തമായുള്ളവര്‍ അനധികൃതമായി മുന്‍ഗണനാകാര്‍ഡുകളും പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകളും കൈവശം വെച്ച് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്.

ഇത്തരത്തിലുള്ള 11 റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അവരില്‍ നിന്ന് അനര്‍ഹമായി വാങ്ങിയ റേഷന്‍സാധനങ്ങളുടെ കമ്പോളവില ഈടാക്കാനും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇതുവരെ നടന്ന പരിശോധനകളില്‍ 83 അനര്‍ഹ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും 3,26,464 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ 0496 2620253 എന്ന നമ്പറില്‍ അറിയിക്കാമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലേഷ്.എം, ഷിബു.വി.വി  ഓഫീസ് ജീവനക്കാരായ ജ്യോതിബസു.കെ, സജിത്ത്.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

ആയുര്‍വ്വേദ ദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഏഴാമത് ദേശീയ ആയുര്‍വ്വേദ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 23) ഭട്ട്‌റോഡ് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ രാവിലെ 9 മണിക്ക് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, കെ.എം.സി.ടി.ആയുര്‍വ്വേദ കോളേജ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും. ഇതിന്റെ ഭാഗമായി ബീച്ചില്‍ രാവിലെ 10 മണിക്ക് ആയുര്‍വേദ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, സംഘടന പ്രതിനിധികള്‍ എന്നിവരുടെ നേതൃത്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിക്കും.തുടര്‍ന്ന് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ്, ഔഷധസസ്യ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

ചാത്തമംഗലത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവർത്തി പൂര്‍ത്തീകരിച്ച തട്ടങ്ങശ്ശേരി- കുട്ടൂളിപ്പറമ്പ് -വൈദ്യരങ്ങാടി റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവിലാണ് റോഡ് പ്രവർത്തി പൂര്‍ത്തീകരിച്ചത്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി. സതീദേവി, രഘുനാഥന്‍ മുതുവന, എം.സി രാജേന്ദ്രന്‍, മഠത്തില്‍ സുഭാഷ്, പി.കെ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

കൂട്ടയോട്ടം സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും

ലഹരിവിമുക്ത ക്യാമ്പെയിനിന്റെ ഭാഗമായി യുവജന ക്ഷേമ ബോര്‍ഡ് സംസ്ഥാന വ്യാപകമായി
കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 23) രാവിലെ 8 മണിക്ക് കോഴിക്കോട് ബീച്ചില്‍  പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ് അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം സച്ചിന്‍ദേവ്,ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്,  ജില്ലാ കലക്ടര്‍ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി, ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍, എന്നിവര്‍ വിശിഷ്ടാതിഥികളാവും.

ജനപ്രതിനിധികള്‍, ടീം കേരള വോളണ്ടിയര്‍മാര്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുക്കും.

ലഹരി വിമുക്ത ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Summary: Prd release on October 22