“കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ആർ.എസ്.എസ് ക്രിമിനൽ പ്രവർത്തനങ്ങളുടെ നേതാവാണ് അഖിൽ ചന്ദ്രൻ”; അഖിലിന്റെ ആർ.എസ്.എസ് അന്തർ സംസ്ഥാന ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: ഹൈവേയില്‍ കവര്‍ച്ച നടത്താനുള്ള പദ്ധതികള്‍ക്കിടെ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശി അഖിൽ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ. അഖിലിന് ആർ.എസ്.എസ് അന്തർ സംസ്ഥാന ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.

വർഷങ്ങളായി കൊയിലാണ്ടി കേന്ദ്രീകരിച്ച് നടക്കുന്ന ആർ.എസ്.എസ് ക്രിമിനൽ പ്രവർത്തനങ്ങളുടെ നേതാവായി പ്രവർത്തിക്കുന്നത് അഖിൽ ചന്ദ്രൻ ആണ്. സംസ്ഥാനത്ത് ആർ.എസ്.എസ് നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇയാൾ നിലവിൽ തൃശ്ശൂർ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സമൂഹത്തിന് തന്നെ അപകടമാകുന്ന തരത്തിൽ കൊടും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഖിൽ ചന്ദ്രനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഡി.വൈ.എഫ്.ഐ മുന്നോട്ടു വച്ചത്.

തൃശ്ശൂരിൽ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാക്കളുമായുള്ള ബന്ധമാണ് അഖിൽ ചന്ദ്രനെ തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ആർ.എസ്.എസ് ക്വട്ടേഷൻ സംഘത്തിലേക്ക് എത്തിച്ചത്. ഡി.വൈ.എഫ്.ഐ പ്രസ്ഥാവനയിൽ പറഞ്ഞു.

അറസ്റ്റിലായ അഖിലിന്റെ പേരില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പത്തോളം കേസുകളുണ്ട്. യുവമോര്‍ച്ചയുടെ കൊയിലാണ്ടി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റായിരുന്ന അഖിൽ ആര്‍.എസ്.എസുമായി ബന്ധപ്പെട്ട അക്രമപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് ഇയാളുടെ പേരിലുള്ള കേസുകളിൽ അധികവും.

നിരവധി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇയാൾ അക്രമിച്ചതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. 2019 ൽ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻ്റർ മേഖലാ കമ്മറ്റി അംഗമായിരുന്ന അനിൽ രാജ് വധ ശ്രമം, 2018 ൽ സി.പി.എം പ്രവർത്തകനായ പുളിയഞ്ചേരിയിലെ കുറോളിപ്പീടികയിൽ അച്ചുതൻ്റെ വീട് ആക്രമിച്ച് വധശ്രമം, കൊല്ലം കണ്ടോത്ത് രജീഷിൻ്റെ വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പടെ നിരവധി ആക്രമണ കേസിൽ അഖിൽ പ്രതിയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊയിലാണ്ടി സ്വദേശികളുള്‍പ്പെട്ട ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം അറസ്റ്റിലായത്.

കുഴല്‍പ്പണക്കാരും സ്വര്‍ണ്ണക്കടത്തുകാരും ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹൈവേകളില്‍ തടഞ്ഞുനിര്‍ത്തി മാരകമായ ആയുങ്ങളുമായി അക്രമം നടത്തി പണം അപഹരിക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനിടയിലാണ് മീനങ്ങാടിയിൽ ഇവർ പിടിയിലായത്.

[vote]