കൊടുവള്ളിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍, പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതികള്‍
കൊടുവള്ളി: മണ്ണില്‍കടവില്‍ ലിമ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ത്ത് മോഷണം നടത്തിയ സംഘത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കക്കോടി ആരതി ഹൗസില്‍ നവീന്‍ കൃഷ്ണ (19), ചെലവൂര്‍ കോണോട്ട് ഇരിങ്ങാട്മീത്തല് അഭിനന്ദ് (19) എന്നിവരാണ് പിടിയിലായത്. ഇവരെക്കൂടാതെ എരവന്നൂര്‍ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കണ്ടെത്താനുണ്ട്.
കഴിഞ്ഞ 14-ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു മോഷണം. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് ഉദ്യോസ്ഥരും കടയില്‍ പരിശോധനനടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതികളെ വ്യാഴാഴ്ച അറസ്റ്റുചെയ്യുകയായിരുന്നു.
പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് നരിക്കുനി, സൗത്ത് കൊടുവള്ളി എന്നിവിടങ്ങളില്‍നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ചതും പിലാശ്ശേരിയില്‍ പട്ടാപ്പകല്‍ കടയില്‍ മോഷണം നടത്തിയതും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതികളുടെപേരില് വയനാട് വൈത്തിരി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വെള്ളയില്‍, കുന്ദമംഗലം, ചേവായൂര്‍, കാക്കൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണക്കേസുകളുള്ളതായും അന്വേഷണത്തില്‍ അറിയാന്കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു. ലഹരിക്കടിമപ്പെട്ട പ്രതികള്‍ മയക്കുമരുന്ന് വാങ്ങാന്‍വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി. ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അനൂപ് അരീക്കര, പി. പ്രകാശന്, പി.കെ. അഷ്റഫ്, ജൂനിയര്‍ എസ്.ഐ. രശ്മി, എ.എസ്.ഐ. സജീവന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജ്, ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.