കേരളത്തിൽ ഒമിക്രോൺ അതിതീവ്ര വ്യാപനം; ഇന്ന് 76 പേര്‍ക്ക് സ്ഥിരീകരിച്ചു;രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കോഴിക്കോട്ടുകാര്‍; സംസ്ഥാനത്തെ ആദ്യ ഒമിക്രോൺ ക്ലസ്റ്റർ പത്തനംതിട്ടയിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമായി വ്യാപിച്ച് ഒമിക്രോൺ. ഇന്ന് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ ആദ്യ ഒമിക്രോൺ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തു.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലാണ് ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടത്. വിദേശത്ത് നിന്നുള്ള ആളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയിൽ നിന്നാണ് വ്യാപനം എന്നാണ് നിഗമനം. ഇതോടെ ഈ ക്ലസ്റ്റർ അടച്ചു. ജനിതക പരിശോധന, ഐസൊലേഷൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ തുടങ്ങിയവിയിലേക്ക് ആരോഗ്യവകുപ്പ് നീങ്ങും. ഇന്ന് മാത്രം പത്തനംതിട്ടയിൽ 13 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.

ആദ്യ ഒമിക്രോണ്‍ ക്ലസ്റ്റർ സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. ഇത് വരെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്ന് സംശയം. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.

തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ എട്ട്, കണ്ണൂര്‍ എട്ട്, തിരുവനന്തപുരം ആറ്, കോട്ടയം ആറ്, മലപ്പുറം ആറ്, കൊല്ലം അഞ്ച്, കോഴിക്കോട് നാല്, കാസര്‍ഗോഡ് രണ്ട്, എറണാകുളം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.