കേരളം മുൾമുനയിൽ, കോവിഡ് പടരുന്നു; 20 – 30 നുമിടയിൽ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്.

ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്.

പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകരിലെ രോഗവ്യാപനം വെല്ലുവിളിയാണ്. അത് മറികടക്കാന്‍ കോവിഡ് ബ്രിഗേഡ് പോലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. 4917 ജീവനക്കാരെയാണ് വിവിധ തലങ്ങളില്‍ നിയമിക്കുക. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശയ വിനിമയത്തിനായി മെഡിക്കല്‍ കോളജുകളില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വരുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിന് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. ഫീല്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കും. കോവിഡ് ഡേറ്റ ശേഖരണത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും മന്ത്രി പറഞ്ഞു.

സി കാറ്റഗറിയിലുള്ള തിരുവനന്തുപുരവുമായി ബന്ധപ്പെട്ട പ്രത്യേക അവലോകന യോഗം നടത്തി. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. 50% ഐസിയു മാത്രമാണ് ബാക്കിയുള്ളത്. ഇതിനാലാണ് സി കാറ്റഗറിയിലേക്ക് മാറ്റിയത്. ആ കാറ്റഗറിയില്‍പെട്ട നിയന്ത്രണങ്ങള്‍ തിരുവനന്തപുരത്ത് തുടരും. അതില്‍ മാറ്റമുണ്ടാകില്ല. ബാര്‍, ഷോപ്പിങ് മാള്‍ എന്നിവിടങ്ങിലെ ആള്‍ക്കൂട്ടം നിയന്ത്രണം കര്‍ശനമാക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്ന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വീണ ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം സ്‌കൂള്‍ കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

[vote]