കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ല; അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍


കോഴിക്കോട്: കെ റെയിലിന് അനുമതി നിഷേധിച്ചിട്ടില്ലെന്നും കെ റെയിലിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഡിപിആറില്‍ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കണം എന്നാണ് കേന്ദ്രം പറഞ്ഞിട്ടുള്ളത്. അവയക്ക് കൃത്യമായി മറുപടി നല്‍കും. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നതെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ തന്ന കത്തില്‍ പറഞ്ഞിട്ടുണ്ട്. ആവശ്യമായ പഠനം നടന്നുകൊണ്ടിരിക്കയാണ്. പദ്ധതിക്ക് അനുമതി നല്‍കില്ല എന്ന മറുപടിയല്ല ഇന്ന് നല്‍കിയത്. ഡിപിആര്‍ ദുര്‍ബലമായിരുന്നില്ലെന്നും ചില കാര്യങ്ങള്‍ കൂടി വേണമെന്നാണ് കേന്ദ്രം ആവശ്യപെട്ടതെന്നും മന്ത്രി പറഞ്ഞു. കെ റെയിലില്‍ വൈകിപ്പിക്കാനാണ് കേരളത്തില്‍ നിന്നുള്ള ചിലരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സര്‍ക്കാര്‍ ഭംഗിയായി നിറവേറ്റും. ബിജെപിക്ക് ഇക്കാര്യത്തില്‍ രാഷ്ടീയ ലക്ഷ്യം ഉണ്ട്. ആ രീതിയില്‍ അവര്‍ ഇടപെടും. പദ്ധതിക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മറുപടിയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.