കെ റെയിലിനെതിരായ പോരാട്ടത്തില്‍ ജനകീയ കോടതി ഞങ്ങള്‍ക്കൊപ്പമുണ്ട്; നിയമപരമായും ജനകീയമായും സമരത്തെ മുന്നോട്ടുകൊണ്ടുപോകുമെന്നും കൊയിലാണ്ടി വാര്‍ത്താതാരം മത്സരാര്‍ത്ഥി ടി.ടി.ഇസ്മായില്‍
കൊയിലാണ്ടി: കെ റെയിലുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ് ഹരജിക്കാരായ പതിനഞ്ചുപേരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തുടരാമെന്നതാണെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ചെയര്മാന് ടി.ടി ഇസ്മായില്‍. സംസ്ഥാനമാകെ സര്‍വ്വേ നടപടികളുമായി മുന്നോട്ടുപോകാമെന്നല്ല കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വേ നടപടികള്‍ക്കെതിരെ വിവിധയിടങ്ങളില്‍ പതിനഞ്ച് പേര് നല്കിയ ഹരജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. നേരത്തെ സര്‍വ്വേ തടഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ നിന്നും ഇവര്‍ക്ക് അനുകൂലമായ ഒരു ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലുള്ള ഇടക്കാല വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇവരുടെ ഭൂമിയില്‍ സര്‍വ്വേ നടപടികള്‍ തുടരുന്നതിന് തടസമില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും ടി.ടി ഇസ്മായില്‍ പറഞ്ഞു.
ഇത് വെറും ഇടക്കാല വിധി മാത്രമാണ്. സര്‍വ്വേ അനധികൃതമാണെന്ന തങ്ങളുടെ വാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്തിമവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയപരമായ പോരാട്ടം തുടരും. നിയമപരമായും ജനകീയമായും സമരത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്നും ടി.ടി. ഇസ്മായില്‍ പറഞ്ഞു.
ഇനി കോടതി എതിരായി വിധിച്ചാലും സമരവുമായി മുന്നോട്ടുപോകും. കോടതിയില്‍ വിശ്വാസം ഇല്ല എന്നല്ല പറയുന്നത്. എല്ലാ കോടതി വിധികളും ശരിയായിക്കൊള്ളണമെന്നില്ല. ജനകീയ കോടതിയിലാണ് വിശ്വാസം. ജനകീയ കോടതി ഇതുവരെ ഞങ്ങള്‍ക്കൊപ്പമുണ്ട്. ആദ്യം സമരം തുടങ്ങുന്ന സമയത്ത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇന്ന് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സമരത്തിനൊപ്പം ചേരുകയാണ്. പ്രതിപക്ഷം ഒന്നടങ്കം സമരത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ തന്നെ മനസ് ഞങ്ങളുടെ കൂടെയാണ്. സമരം മുന്നോട്ടുപോകുമ്പോള്‍ ഇതിന്റെ ഭീകരത ആളുകള്‍ക്ക് ബോധ്യപ്പെടുമ്പോള്‍, നടപടികളിലെ പാളിച്ചകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോള്‍ ഇനിയും ഒരുപാട് ആളുകള്‍ സമരത്തിനൊപ്പം ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതൊരു രാഷ്ട്രീയപാര്‍ട്ടിയ്ക്കോ ഭരണകൂടത്തിനോ എതിരെയോ ഉള്ള സമരമല്ല. സംഘടനാപരമായി ഭരണപക്ഷ പാര്‍ട്ടികള്‍ ഇതിലുണ്ടാവില്ല. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവര്‍ സമരത്തിലുണ്ട്. ഇതൊരു അതിജീവന പോരാട്ടമാണ്. കേരളം ജയിക്കണം കെ റെയില്‍ തോല്‍ക്കണം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.ടി. ഇസ്മായിലിനെ കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ….