കെ.എസ്.പ്രവീണിന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും; സംസ്‌ക്കാരം നാളെ കൊയിലാണ്ടി കീഴ്പ്പയൂരിലെ വീട്ടുവളപ്പില്‍, ദേശാഭിമാനിയിലും, ടൗണ്‍ഹാളിലും പൊതു ദര്‍ശനം


മേപ്പയ്യൂര്‍: എപ്പോഴും നിറപുഞ്ചിരിയോടെ കാണുന്ന ആ മുഖവും മാഞ്ഞിരിക്കുന്നു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ മേപ്പയ്യൂര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി കെ.എസ് പ്രവീണി (47) ന്റെ അപ്രതീക്ഷിത വിയോഗം താങ്ങാവുന്നതിലും ഏറെയെന്ന് സുഹൃത്തുക്കള്‍. വളരെ സൗമ്യസ്വഭാവക്കാരനായിരുന്ന പ്രവീണ്‍ ഒരിക്കല്‍ പരിചയപ്പെട്ടവരോട് പോലും ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ ഒരു വലിയ വലയം തന്നെ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. ഇത്ര അപ്രതീക്ഷിതമായ ഒരു മരണം വേദനമാത്രം നല്‍കുന്നതാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കെ.എസ്.പ്രവീണിന്റെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച നടക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെ കോഴിക്കോട് ദേശാഭിമാനിയിലും 10 മണി മുതല്‍ 11 മണി വരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതു ദര്‍ശനത്തിന് വയ്ക്കും. ശേഷം12 മണി മുതല്‍ 3 വരെ കീഴ്പ്പയ്യൂരിലെ വീട്ടിലും. തുടര്‍ന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

യൂറോപ്പ് മള്‍ഡോവയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ പാര്‍വതി എത്തിച്ചേരേണ്ടതുള്ളതിനാലാണ് സംസ്‌കാരം നാളത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയാഘാതം സ്ഥിരീകരിച്ചകതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ വീണ്ടും രണ്ടു തവണ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.05 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ദേശാഭിമാനി പത്രത്തില്‍ കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജി.വി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. അമ്മ: സുപ്രഭ ടീച്ചര്‍ ( മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കള്‍: പാര്‍വതി (എം.ബി.ബി.എസ് വിദ്യാര്‍ഥിനി, മള്‍ഡോവ, യൂറോപ്പ്), അശ്വതി ( പ്ലസ് ടു വിദ്യാര്‍ഥിനി). സഹോദരന്‍: പ്രജീഷ് കുമാര്‍ (അധ്യാപകന്‍, ചെറുവണ്ണൂര്‍ ഗവ. എച്ച്എസ്).