കുറ്റ്യാടി ടൗണിലെ വൈദ്യുതി മുടക്കത്തിന് ഇനി പരിഹാരം; പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി അവസാനഘട്ടത്തില്‍


കുറ്റ്യാടി: കുറ്റ്യാടിയിലെ വൈദ്യുതി തടസ്സത്തിന് പരിഹാരമായി പ്രത്യേക ഫീഡര്‍ ലൈന്‍ വരുന്നു. കുറ്റ്യാടി 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വിവിധ ഫീഡര്‍ ലൈനുകളുടെ പരിധിയിലായതിനാല്‍ ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.

കക്കട്ടില്‍വരെയുള്ള കുന്നുമ്മല്‍ ഫീഡറില്‍നിന്നാണ് നിലവില്‍ ടൗണില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി കണക്ഷനുള്ളത്. ഓവര്‍ലോഡ് കാരണം ഇതില്‍ പതിവായി വൈദ്യുതി പോകും. കൂടാതെ കക്കട്ടില്‍ സെക്ഷന്‍ ഓഫിസിന്റെ പരിധിയില്‍കൂടി ഈ ഫീഡര്‍ ഉള്ളതിനാല്‍ അവിടെ എന്ത് തകരാറുണ്ടായാലും കുറ്റ്യാടി ടൗണിലും വൈദ്യുതി മുടങ്ങും. തകരാറുകള്‍ പരിഹരിക്കാന്‍ കക്കട്ടില്‍ സെക്ഷനും നടപടിയെടുത്താലേ കുറ്റ്യാടി ടൗണില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളു എന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.

കൂടാതെ വിലങ്ങാട് ഫീഡര്‍, തൊട്ടില്‍പാലം ഫീഡര്‍, കടിയങ്ങാട് ഫീഡര്‍ എന്നിവയുടെ പരിധിയിലും കുറ്റ്യാടി ടൗണ്‍ ഉള്‍പ്പെടുന്നുണ്ട്. കുറ്റ്യാടിയിലെ വൈദ്യുതി പ്രശ്‌നം ഗുരുതരമായതോടെ നിയമസഭയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന് പ്രത്യേക ഫണ്ട് അനുവദിക്കുകയായിരുന്നു.

കുറ്റ്യാടി ടൗണിലേക്കും പരിസരത്തുമായി കേബിള്‍ വഴിയാണ് ഫീഡര്‍ ലൈന്‍ വലിച്ചത്. നാദാപുരം റോഡില്‍ കുളങ്ങരതാഴ വരെയും, വയനാട് റോഡില്‍ ഓതിയോട്ട് പാലം വരെയും, കോഴിക്കോട് റോഡില്‍ കുറ്റ്യാടി പാലം വരെയും, മരുതോങ്കര റോഡില്‍ അമാന ആശുപത്രിവരെയും ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞു. മൊത്തം 28 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഈ ഫീഡറിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ പറഞ്ഞു. സബ്‌സ്റ്റേഷനില്‍ പുതിയ ഫീഡറിന്റെ സ്വിച്ചുകളും മറ്റും സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. പുതിയ ഫീഡര്‍ വരുന്നതോടെ വൈദ്യുത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങളും.