കുറ്റ്യാടിപ്പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, വനംമന്ത്രിക്ക് പരാതി നല്‍കി


പയ്യോളി: മൂരാട്, പാച്ചാക്കല്‍ ഭാഗത്തുള്ള കുറ്റ്യാടിപ്പുഴയോരത്തെയും സമീപത്തെ തോടിനരികിലുള്ളതുമായ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതിയുമായി നാട്ടുകാര്‍. അവധിദിവസം മറയാക്കിയാണ് വാഹനങ്ങളില്‍ ആയുധങ്ങളുമായെത്തിയവര്‍ കൃത്യം നടത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ അതിരിനോടുചേര്‍ന്നും പറമ്പിലുമാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയാണ് വ്യപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

നാട്ടുകാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചെങ്കിലും നൂറുകണക്കിന് കണ്ടലുകള്‍ വെട്ടിവീഴ്ത്തി. തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി നിര്‍ത്തിവെപ്പിച്ചെങ്കിലും പോലീസ് പോയതിനുശേഷം വീണ്ടും വെട്ടിനശിപ്പിച്ചെന്നും നാട്ടുകര്‍ പറഞ്ഞു.

പിന്നീട് പോലീസിനെയും മറ്റ് ബന്ധപ്പെട്ട അധികൃതരെയും വിളിച്ചെങ്കിലും അവധി ദിവസമായതിനാല്‍ ആരെയും കിട്ടിയില്ലെന്നും പ്രതിഷേധക്കാര്‍ പരാതിപ്പെട്ടു. ഒടുവില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വൈകുന്നേരം പയ്യോളിയിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രന് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. പ്രജീഷ് മേപ്രംകുറ്റി, രാഷിത്ത് പാച്ചക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.