കുടുംബശ്രീ ബസാര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (14/02/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു
പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി. നടത്തുന്ന എസ്എസ്എല്‍സി ലെവല്‍ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 16ന് മുമ്പ് പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ പേര്, പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ആദ്യം അപേക്ഷിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2376179
എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന്, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ളവരും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരാകണം. താല്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി കോഴിക്കോട് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379
അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്
കേരള ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് സ്പോട്ട് അഡ്മിഷന് ഫെബ്രുവരി 18 രാവിലെ 10 മണിക്ക് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാംഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസില്ല. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് 2021- 22 അധ്യയന വര്‍ഷത്തില്‍ ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍നിന്നും പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksb.gov.in ഫോണ്‍: 0495 2771881
വാഹന ലേലം
കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള പോലീസ് സ്റ്റേഷനുകളിലും സായുധസേനാവിഭാഗം കാര്യാലയത്തില്‍ സൂക്ഷിച്ചതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ 32 വാഹനങ്ങള്‍ ഫെബ്രുവരി 25 രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ലേല വാഹനങ്ങള്‍ ലേല തീയതിയുടെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പരിശോധിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 04962523031
ദേശീയ ചിത്രരചനാ മത്സരം 20ന്
ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5-10, 11-18 എന്നിങ്ങനെയാണ് പ്രായപരിധി.
രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി നല്‍കും. രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പോസ്റ്റല്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജനന തീയതി തെളിയിക്കുന്ന രേഖ, ഭിന്നശേഷിക്കാര്‍ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് 9446449280, 9446206527 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.
നീന്തല്‍ പരിശീലനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – ബാലാവകാശ കമ്മീഷന്
നീന്തല്‍ പരിശീലനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവായി. മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ, കിണറുകളിലോ വീണ് ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നു വിലയിരുത്തിയ കമ്മീഷന് ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയാണ് കമ്മീഷന് അംഗം കെ.നസീര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഉപയോഗശൂന്യമായ പൊതുകിണറുകള്‍ നികത്തുകയും പൊതുകിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കുകയും ചെയ്യണം. കുളങ്ങള്‍ക്കും മറ്റും കമ്പിവേലിയോ അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബോര്‍ഡോ മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സ്ഥല ഉടമകള്‍ക്കായിരിക്കും.ഇക്കാര്യം പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.
വീടുകള്‍ക്കകത്തോ, വീടുമായി ബന്ധപ്പെട്ടോ നിര്‍മ്മിക്കുന്ന നീന്തല്‍ കുളങ്ങള്‍ക്കും ജലസംഭരണികള്‍ക്കും സംരക്ഷണ വേലിയോ അപകടം ഒഴിവാക്കുന്നതിനാവശ്യമായ മറ്റു സുരക്ഷമാര്ഗ്ഗമോ ഏര്‍പ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമ പ്ലാന്‍ അംഗീകരിച്ചു നല്‍കുന്നതിന് മുമ്പായി ഇക്കാര്യം ഉറപ്പാക്കണം. ഇതിനാവശ്യമായ വ്യവസ്ഥകള്‍ 2019 ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലും, മുനിസിപ്പാലിറ്റി റൂള്‍സിലും ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരകാര്യം, പഞ്ചായത്ത് ഡയറക്ടര്‍മാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ചു.
വീടിനടുത്തുള്ള പുഴകള്‍, തടാകങ്ങള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവയില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതും ജീവന് നഷ്ടപ്പെടുന്നതും വര്‍ധിച്ചു വരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും എല്ലാ മേഖലയിലും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ദേശീയ ബോധവല്‍ക്കരണ ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേറ്റ് അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചത്.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കടലിന് അഭിമുഖമായി നങ്കൂരമിടുന്ന പായ്ക്കപ്പല്‍,ഡോള്‍ഫിന്‍ പോയിന്റ്, ലൈറ്റ് ഹൗസ്, ആമ, നീരാളി തുടങ്ങിയ കടല്‍ കാഴ്ചകള്‍ വിശ്രമ കേന്ദ്രത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. മരത്തണലില്‍ ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
വെള്ളയില്‍ ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ‘ചിന്ത’ എന്ന പേരില്‍ ആശയം നല്കി ബാലുശ്ശേരി സ്വദേശി മിഥുന് വിശ്വനാഥാണ് വിശ്രമകേന്ദ്രം സാക്ഷാത്കരിച്ചത്. ‘നിങ്ങള്‍ പ്രകൃതിയുടെ നിരീക്ഷണത്തിലാണ്’ എന്ന മുഖ്യ സന്ദേശത്തോടെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കും വിധമുള്ള സന്ദേശങ്ങളും മിഥുന് തന്റെ സൃഷ്ടിയില്‍ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു, അപ്പീല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി കെ നാസര്‍, കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി, വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍ റംലത്ത്, ഹെല്‍ത്ത് ഓഫീസര്‍ മിലു മോഹന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി സലീം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷജില്‍ കുമാര്‍, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ മനോജ്, വി.ജി സജീഷ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.ടി. ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് എസ്.ടി ഹെല്‍ത്ത് പ്രൊമോട്ടര്ക്കായി നിയമനം നടത്തുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകള്‍ 46. പ്രായം 20 നും 35 നും മധ്യേ. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെല്‍ത്ത് പ്രൊമോട്ടറായി അപേക്ഷിക്കുന്നവര്‍ക്ക് നഴ്സിംഗ് , പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയൂര്‍വേദം പാരമ്പര്യവൈദ്യംഎന്നിവയില് പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
എഴുത്ത് പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. ഫോണ്‍: 0495 2376364
ഇ-ടെണ്ടര്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ – ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ഇ-ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം 5 മണി. ഫെബ്രുവരി 24് രാവിലെ 11 മണിക്ക് ഇ-ടെണ്ടര്‍ തുറക്കുന്നതായിരിക്കും. വെബ്സൈറ്റ്: etenders.kerala.gov.in ഫോണ്‍: 0496 2630800
പരിശോധന നടത്തി
വടകരയിലെ ഹോട്ടലുകളിലും ടീ ഷോപ്പുകളിലും ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ മറ്റിനങ്ങള്‍ എന്നിവയ്ക്ക് അന്യായമായി വില കൂട്ടിയതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പുതിയ സ്റ്റാന്‍ഡ്, എടോടി, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ചായക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചിലയിടങ്ങളില്‍ ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവയ്ക്ക് 12 രൂപ വരെ അമിത വില ഈടാക്കുന്നതായി കണ്ടെത്തി.
വടകരയിലെ എല്ലാ ടീ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് 10 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നും വിലവിവരം എഴുതിവെക്കാനും നിര്‍ദേശം നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന്, എടിഎസ്ഒ പി. സീമ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ ശ്രീധരന്, ടി.എം. വിജീഷ്, ജീവനക്കാരായ എ.ആര്. അണിമ, കെ.പി. ശ്രീജിത് കുമാര്‍, വി.വി. പ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കുടുംബശ്രീ ബസാര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷന് ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോര്‍ മാനേജര്‍ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്), സെല്ലിംഗ് സ്റ്റാഫ് (യോഗ്യത:പ്ലസ് ടു / തത്തുല്യം) തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസില്‍ എഴുതിയ അപേക്ഷകള്‍ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ക്ക് ഫെബ്രുവരി 20നകം സമര്‍പ്പിക്കേണ്ടതാണ് . കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവര്‍ക്ക് മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2373678
ലാപ്ടോപ്പും ഫര്‍ണിച്ചറുകളും വിതരണം ചെയ്തു
കായക്കൊടി ഗ്രാമപഞ്ചായത്തില്‍ എസ്.സി. വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പും കരണ്ടോട് ജി.എല്‍.പി സ്കൂളിനുള്ള ഫര്‍ണിച്ചറും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 2021-22വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തത്. ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ പഠിച്ചുകൊണ്ടിരിക്കുന്ന 12 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 3,26,748 രൂപ ചെലവഴിച്ച് സ്കൂളിന് 2 ലക്ഷം രൂപയുടെ ഫര്‍ണിച്ചറും വിതരണം ചെയ്തു. പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ റീജ മഞ്ചക്കല്‍ അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുല്‍ ലത്തീഫ്, സി.പി. കുമാരന്, നാണു, മോളി പാലോളി എന്നിവര്‍ സംസാരിച്ചു.
പ്രഷര്‍ പമ്പുകള്‍ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ സ്കൂളുകളിലെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ പ്രഷര്‍ പമ്പുകള്‍ വിതരണം ചെയ്തു. കോതമംഗലം ജി.എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.അസീസ് മാസ്റ്റര്‍, വി.രമേശന് മാസ്റ്റര്‍, പ്രധാന അധ്യാപകന് കെ.രവി, പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ സ്വാഗതവും ഷൈനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
നിലക്കടല – ചെറുധാന്യ കൃഷി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കാര്‍ഷിക പദ്ധതിയായ നിലക്കടല -ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.അജ്നാഫ് , ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു, പഞ്ചായത്ത് അംഗം കെ.സുധ, തൊഴിലുറപ്പ് വിഭാഗം ഓവര്‍സീയര്‍ ജസ്നി തുടങ്ങിയവര്‍ പങ്കെടുത്തു. തരിശായി കിടന്ന മൂന്നര ഹെക്ടറോളം വരുന്ന സ്ഥലത്ത് 40 ഓളം ഗ്രൂപ്പുകള്‍ ആണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലമൊരുക്കിയ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. കൃഷിക്ക് ആവശ്യമായ വിത്ത്, വളം തുടങ്ങിയവ സൗജന്യമായി നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കുടിവെള്ള പദ്ധതിയ്ക്ക് സ്ഥലം നല്കി
തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥാപിക്കുന്ന ചാമയില്‍ വാതുക്കല് ഏറംവെള്ളി കുടിവെള്ള പദ്ധതിയുടെ കിണറിന് ആവശ്യമായ 1.60 സെന്റ് സ്ഥലം കണ്ണാന്റവിട കുടുംബം സംഭാവനയായി നല്കി. കുടുംബത്തിന് വേണ്ടി മുതിര്‍ന്ന അംഗം മഹമൂദ് ഹാജി സ്ഥലത്തിന്റെ രേഖകള്‍ വാര്‍ഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായ വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് കൈമാറി.
കെ.വി അബ്ദുറഷീദ്, കെ.വി അഷറഫ്, എ.വി നാസര്‍, എ.അഹമ്മദ്, കെ.വി നസീര്‍, സി.കെ ഹാരിസ്, എ.ഹാരിസ് എന്നിവര്‍ പങ്കെടുത്തു.