ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ പൊടി പാറി; ഉള്ളിയേരിയില്‍ വീടിന് തീയിടുകയും കസേരകള്‍ കിണറ്റിലിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍
ഉള്ളിയേരി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ അസഭ്യം പറയുകയും വീടിന് തീയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസ് (25) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ അരീക്കോടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.
കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന് നേരെയാണ് ഫായിസ് ആക്രമണം നടത്തിയത്. വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് യൂസഫിന്റെ സുഹൃത്തുമായി ഫായിസ് തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ യൂസഫ് ഇടപെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായാണ് ഫായിസ് വീട് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണം നടത്തുന്ന സമയത്ത് യൂസഫ് വീട്ടില്‍ ഇല്ലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ ഫായിസ് അസഭ്യം പറയുകയും ചെയ്തു. സംഭവത്തിനു ശേഷം ഫായിസ് ഒളിവിലായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.
അത്തോളി സി.ഐ പി.ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ ആര്‍.രാജീവ്, കെ.പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.