ഓടി രക്ഷപ്പെടാന്‍ ശ്രമം; തലശ്ശേരിയില്‍ കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ എക്‌സൈസ് പിടികൂടിയത് സാഹസികമായി


കണ്ണൂര്‍: തലശ്ശേരിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. ധര്‍മ്മടം സ്വദേശി എ.ഖലീലാണ് പിടിയിലായത്. ഇയാളില്‍ നിന്നും 23ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തലശ്ശേരി ഗവ. ആശുപത്രിക്ക് സമീപത്തെ മൂപ്പന്‍സ് റോഡിലുള്ള ദേ ചായക്കടയുടെ മുന്‍വശത്ത് നിന്നാണ് പ്രതിയെ പിടിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്.

നേരത്തെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. കര്‍ണാടകയിലെ മരിയാല്‍ ഗുഡിയില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും തലശ്ശേരിയിലെത്തിച്ച് വില്‍പ്പന നടത്താറുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തിയതായി എക്‌സൈസ് അറിയിച്ചു.

തലശ്ശേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫിസര്‍ വി സുധീറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ വി.കെ ഷിബു, സിഇഒമാരായ സി.പി രതീഷ്, കെ.ബൈജേഷ്, വി.കെ ഫൈസല്‍, വനിത സിഇഒ പി.പി ഐശ്വര്യ എന്നിവവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.