ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ തുടര്‍ന്നേക്കും


Advertisement

കോഴിക്കോട്: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Advertisement

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ട്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴക്ക്സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതും ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ തുടരാന്‍ കാരണം.

Advertisement

തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Advertisement