ഒരേ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍, ഒന്ന് വടകരയും മറ്റേത് തലശ്ശേരിയും; ഒറിജിനലേത് വ്യാജനേത് എന്ന് തിരിച്ചറിയാനാവാതെ മോട്ടോര്‍വാഹന വകുപ്പ്
വടകര: ഒരേ നമ്പറിൽ രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നതായി കണ്ടെത്തി. വടകര, തലശ്ശേരി ആർടിഓഫീസുകളിലാണ് ഒരേ നമ്പറിലുള്ള ബൈക്കുകൾ രജിസ്ട്രർ ചെയ്തത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.
വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും, തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് KL 04 A-4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത്. 1993 ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യമായി രജിസ്‌ട്രേഷൻ ചെയ്തത്.
ഇതിനു ശേഷം പലരുടെയും പേരിൽ ഉടമസ്ഥാവകാശം മാറിയ ശേഷമാണ് ഇരു വാഹനങ്ങളും രജിസ്ട്രർ ചെയ്തതായി കാണുന്നത്. ഇരു വാഹനങ്ങൾക്കും ഒർജിനൽ ആർസിയും ഉണ്ട്. എന്നാൽ രജിത്തിന്റെ പേരിലുള്ള ബൈക്ക് വർഷങ്ങൾക്ക് മുമ്പ് കൈമാറ്റം ചെയ്‌തെങ്കിലും ഇതേവരെ ഉടമസ്ഥാവകാശം മാറിയിട്ടില്ല. വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്ക് 2022 ജനുവരി മാസം വടകര ആർടിഒ റിന്യൂവൽ ചെയ്ത് 2026 വരെ പുതുക്കി നൽകിയിട്ടുമുണ്ട്. തലശ്ശേരിയിൽ രജിസ്ട്രർ ചെയ്ത ബൈക്ക് ഒന്നര മാസം മുമ്പ് റിന്യൂവൽ ചെയ്യാൻ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർടിഓഫീസിൽ രജിസ്ട്രർ ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിൽ സൂക്ഷിച്ചിരിക്കയാണ്. നേരത്തെ വാഹനത്തിന്റെ ചാസിസ് നമ്പർ സ്കെച്ച് ചെയ്തെടുത്താണ് വാഹനത്തിന് രജിസ്‌ട്രേഷൻ പുതുക്കി നൽകിയിരുന്നത്.
ഒരേ നമ്പറുകൾ കണ്ടെത്താൻ പ്രയാസവുമായിരുന്നു. ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റ് വെയറായ വാഹന് നിലവിൽ വന്ന ശേഷമാണ് ഇത്തരം വ്യാജ രജിസ്‌ട്രേഷൻ കണ്ടെത്താനായത്. ചാസിസ് നമ്പർ ഹാൻ മെയ്ഡ് പഞ്ചിങ്ങ് ആയതിനാൽ പെൻസിൽ സ്കെച്ച് എടുത്ത് പരിശോധന നടത്തിയും, കൂടുതൽ അന്വേഷണം നടത്തിയാലും മാത്രമേ ഒറിജിനലും, വ്യാജനും കണ്ടെത്താൻ കഴിയൂ എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാൻ കേസ് പൊലീസിന് കൈമാറുമെന്ന് വടകര ആർടിഒ യുടെ ചാർജുള്ള കോഴിക്കോട് എൻഫോഴ്‌സ് മെന്റ് ആർടിഒ കെ ബിജുമോൻ പറഞ്ഞു.