എലത്തൂരില്‍ ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് സംശയം; അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെതെന്ന് റിപ്പോര്‍ട്ട്


കൊയിലാണ്ടി: എലത്തൂരിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ – കണ്ണൂര്‍ എക്‌സ്യിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിയെക്കുറിച്ചുള്ള നിര്‍ണായ വിവരങ്ങള്‍ പുറത്ത്. ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങിയ അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.

ട്രെയിനില്‍ തീയിട്ടപ്പോള്‍ യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിനിടെയാണ് അക്രമി ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രെയിന്‍ നിര്‍ത്തിയ ശേഷം അക്രമി എന്ന് സംശയിക്കുന്നയാള്‍ റോഡിലേക്കിറങ്ങുന്നതും അവിടെ ഉണ്ടായിരുന്ന ബൈക്കില്‍ കയറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി എന്ന് സംശയിക്കുന്നയാള്‍ കൈ കാണിക്കാതെയാണ് ബൈക്ക് നിര്‍ത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപം ട്രാക്കില്‍ അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്. അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണും വസ്ത്രങ്ങളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. അക്രമം ആസൂത്രിതമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

അക്രമത്തെത്തുടര്‍ന്ന് രക്ഷപെടാനായി തീവണ്ടിയില്‍ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അക്രമണത്തില്‍ തീപൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എട്ടുപേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.